സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; സൗദിയില്‍ ഒരാള്‍ അറസ്റ്റില്‍, ശ്രദ്ധിച്ചാല്‍ നല്ലതെന്ന് പ്രോസിക്യൂഷന്‍

ജിദ്ദ - സര്‍ക്കാര്‍ വകുപ്പുകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
ഇയാള്‍ക്കെതിരെ മര്‍ദനവും ഭീഷണിപ്പെടുത്തലും  ആരോപിച്ച് മുന്‍ ഭാര്യ ഔദ്യോഗിക വകുപ്പുകള്‍ക്ക് നേരത്തെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. യുവതിക്കെതിരെ പരപുരുഷബന്ധവും ആരോപിച്ചിരുന്നു.  നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
അതേസമയം, സാമൂഹികമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുന്നത് സൈബര്‍ ക്രൈം നിയമം അനുസരിച്ച് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ നല്ലത്.  ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഒരു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ശക്ഷ ലഭിക്കും. കൂടാതെ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും ഇതിന് പരസ്പര ധാരണയിലെത്തുന്നവര്‍ക്കും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന അതേശിക്ഷകള്‍ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

 

Latest News