ബെംഗളൂരു- കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദുബായിലേക്ക് പോയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാള്‍ ഏതാനും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്ന് മന്ത്രി ആര്‍.അശോക് പറഞ്ഞു. ഇതിനുശേഷമാണ് ദുബായിലേക്ക് പോയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ ക്വാറന്റൈനിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.
കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇയാള്‍ ദുബായിലേക്ക് പോയതെന്ന് പോയതെന്ന് പറയുന്നു. ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് പോസിറ്റീവും ഒരാള്‍ക്ക് നെഗറ്റീവുമായിരുന്നു. ഇതു സംശയാസ്പദമാണെന്നും ലാബ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ രണ്ടു പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നത്. 64, 46 പ്രായക്കാരായ ഇരുവരും പുരുഷന്മാരാണ്. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. ബെംഗളൂരുവിലുള്ള ഡോക്ടറാണ് പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍ ഒരാളെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമിക്രോണ്‍ ഫലം വരുന്നതിനുമുമ്പ് തന്നെ രോഗികളില്‍ ഒരാള്‍ ദുബായിലേക്ക് പോയതാണ് വിവാദമായിരിക്കുന്നത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ എല്ലാവരേയും കണ്ടെത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






