കല്‍പറ്റ-കബളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വണ്ടിയാമ്പറ്റ വയലില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍(36) വെടിയേറ്റു മരിക്കുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനു(27) വെടിയേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. വണ്ടിയാമ്പറ്റയ്ക്കടുത്തുള്ള പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍(48), ലിനീഷ്(21) എന്നിവരെയാണ് കല്‍പറ്റ ഡിവൈ.എസ്.പി എം.ഡി.സുനില്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച നാടന്‍ തോക്ക് പൂളക്കൊല്ലി കോളനിയിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ പരിസരത്തുനിന്നു പോലീസ് കണ്ടെടുത്തു. രാത്രി നായാട്ടിനിറങ്ങിയപ്പോള്‍ വയലിലെ അനക്കം ശ്രദ്ധയില്‍പ്പെട്ട് കാട്ടുപന്നിയാണെന്നു കരുതിയാണ് നിറയൊഴിച്ചതെന്നാണ് പ്രതികളുടെ മൊഴി. കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിക്കാറുള്ള വണ്ടിയാമ്പറ്റ വയലില്‍ കാവലിനു പോയപ്പോഴാണ് ജയനും ശരണിനും വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരാണ് വെടിയേറ്റവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിനു വെടിയേറ്റ ജയന്‍ അപ്പോഴേക്കും മരിച്ചിരുന്നു. ചുമലിനു വെടിയേറ്റ ശരണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്.
കാട്ടുപന്നികളെ തുരത്തുന്നതിനു വണ്ടിയാമ്പറ്റ വയലില്‍ എത്തിയപ്പോള്‍ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ചന്ദ്രപ്പനും കുഞ്ഞിരാമനും പോലീസിനോടു പറഞ്ഞത്. പോലീസ് ഇതു മുഖവിലയ്ക്കു എടുത്തിരുന്നില്ല. നായാട്ടിനിടെ അബദ്ധത്തില്‍ നിറയൊഴിഞ്ഞതാണ് ജയന്റെ മരണത്തിനും ശരണിന്റെ പരിക്കിനും ഇടയാക്കിയതെന്നായിരുന്നു പോലീസിന്റെ സംശയം. വിശദാന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ക്കു പുറമേ ആയുധ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസുണ്ട്. പ്രതികളുമായി പോലീസ് വണ്ടായമ്പറ്റയിലും സമീപങ്ങളിലും തെളിവെടുപ്പ് നടത്തി. വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പടം-ചന്ദ്രന്‍, ലിനീഷ്-