ട്രാഫിക്കില്‍ കുരുങ്ങിയ ട്രക്കില്‍ നിന്ന് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷ്ടിച്ചു

ലഖ്‌നൗ- യുപിയിലെ ലഖ്‌നൗ ബക്ഷി കാ തലാബ് വ്യോമസേനാ താവളത്തില്‍ നിന്നും അജ്‌മെര്‍ വ്യോമസേനാ താവളത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ ട്രക്കില്‍ നിന്ന് അജ്ഞാതര്‍ മോഷ്ടിച്ചു. സൈനിക ചരക്കുകളുമായി പോകുകയായിരുന്ന ട്രക്ക് ലഖ്‌നൗവിലെ ശഹീദ് പഥില്‍ ട്രാഫിക്ക് ജാമില്‍ കുരുങ്ങിയ സമയത്താണ് മോഷണം നടന്നത്. സമീപത്തുണ്ടായിരുന്ന ഒരു സ്‌കോര്‍പിയോ എസ്‌യുവിയില്‍ യാത്ര ചെയ്തവരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നു. ട്രക്ക് ഡ്രൈവര്‍ ഹേം സിങ് റാവത്ത് സംഭവമറിയുമ്പോഴേക്ക് മോഷ്ടാക്കള്‍ സ്ഥലംവിട്ടിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചു.  ട്രാഫിക് ജാം കാരണം ട്രക്ക് വളരെ വേഗത കുറച്ചാണ് പോയിരുന്നതെന്ന് ഡ്രൈവര്‍ പറയുന്നു. 

നവംബര്‍ 27ന് അര്‍ധരാത്രി പിന്നിട്ട് 12.30നും ഒരു മണിക്കുമിടെയാണ് മോഷണം നടന്നത്. പോലീസ് ബുധനാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിറാഷ് 2000 പോര്‍വിമാനങ്ങളില്‍ ഉപയോഗിക്കുന്ന അഞ്ച് ടയറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇവയില്‍ ഒന്നാണ് കാണാതായത്. മോഷ്ടാക്കളേയും തൊണ്ടിമുതലും കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്- ഡിസിപി ഈസ്റ്റ് അമിത് കുമാര്‍ പറഞ്ഞു.
 

Latest News