ബെംഗളുരു- ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച് രണ്ടു പേരില്‍ ഒരാളായ ബെംഗളുരുവിലെ ഒരു ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ ഐസൊലേഷനിലാണ്. കൂടുതല്‍ ജനിതക പരിശോധനകള്‍ക്കായി ഇവരില്‍ നിന്നും സാംപിള്‍ എടുത്തിട്ടുണ്ട്. ഒമിക്രോണ്‍ ബാധിച്ച 46കാരനായ ഡോക്ടര്‍ ഇന്ത്യയ്ക്കു പുറത്തു പോയിട്ടില്ല. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുമുണ്ട്. നവംബര്‍ 21നാണ് പനിയും തലവേദനയും തുടങ്ങിയത്. തൊട്ടടുത്ത ദിവസം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ഈ ദിവസം തന്നെ ഇദ്ദേഹത്തില്‍ നിന്നെടുത്ത സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കും ശേഷം ഡോക്ടര്‍ ഡിസ്ചാര്‍ജ് ആകുകയും ചെയ്തു. ഡോക്ടറുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 13 പേരേയും ദ്വിതീയ സമ്പര്‍ക്കമുള്ള 250ലേറെ പേരേയും കണ്ടെത്തിയിരുന്നു.
ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ 66കാരനായ ദക്ഷിണാഫ്രിക്കക്കാരനാണ്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ള ഇദ്ദേഹം കോവിഡ് നെഗറ്റീവ് റിപോര്‍ട്ടുമായാണ് ഇന്ത്യയിലെത്തിയത്. ഇവിടെ എത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. സെല്‍ഫ് ഐസൊലേഷനിലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയതോടെ ഇദ്ദേഹം ദുബായിലേക്ക് പോകുകയും ചെയ്തു. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായ 24 പേരുടേയും ദ്വിതീയ സമ്പര്‍ക്കമുണ്ടായ 240 പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണ്.






