കേഡര്‍മാരെ ഉന്മൂലനം ചെയ്യാന്‍ ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കം-സി.പി.എം

തിരുവനന്തപുരം-സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി  എ.വിജയരാഘവന്‍.
പാര്‍ട്ടിയുടെ ജനകീയനായ പ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലും സംഭവം നടന്നിടത്തും ബി.ജെ.പി വിട്ട് ധാരാളംപേര്‍ സി.പി.എമ്മിനോട് അടുക്കുകയാണ്. സന്ദീപിനെ പോലുള്ള പ്രവര്‍ത്തകര്‍ ഇതിനെടുക്കുന്ന മുന്‍കൈ സംഘ്പരിവാറിനെ അലോസരപ്പെടുത്തിയിരുന്നു.

ആര്‍.എസ്.എസ് കൊലക്കത്തിക്കു മുന്നില്‍ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സി.പി.എമ്മെന്ന് കാലം തെളിയിച്ചിട്ടുണ്ട്. അക്രമത്തിലൂടെ നാട്ടില്‍ സമാധാനം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തെ ജനം പ്രതിരോധിക്കും.

സന്ദീപിന്റെ രക്തസാക്ഷിത്വത്തില്‍ അനുശോചിക്കുന്നതായും വിജയരാഘവന്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഎമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം.
അര്‍എസ്എസ്  സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതകത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം.  സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Latest News