തൃശൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

തൃശൂര്‍- കോളേജ് വിദ്യാര്‍ഥിനിയെ  ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി വെസ്റ്റ് പോലീസിന്റെ പിടിയിലായി. കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടില്‍ നൗഷാദി (40) നെയാണ്  വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. എന്‍. വിജയന്‍ അറസ്റ്റുചെയ്തത്.  
തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണിലൂടെയാണ് നൗഷാദ്  പരിചയപ്പെട്ടത്.  ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ചില ഫോട്ടോകള്‍  കൈവശപ്പെടുത്തിയിരുന്നു. താന്‍  വിവാഹിതനാണെന്നും കുട്ടികളുടെ പിതാവാണെന്നുമുള്ള വിവരം മറച്ചുവെച്ച് പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍  ആവശ്യപ്പെട്ടു. ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. നവംബര്‍ 29ന്    കോളേജിലെത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ നൗഷാദും  സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും നൗഷാദിനേയും എറണാകുളം ജില്ലയിലെ കാലടി ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു.  കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞ് പോകുന്ന സമയം തന്റെ ഫോട്ടോകള്‍ കാണിച്ച് അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നൗഷാദ്  വാഹനത്തില്‍ കയറ്റി  തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Latest News