Sorry, you need to enable JavaScript to visit this website.

വിവാഹ അതിഥി ചമഞ്ഞ് രണ്ട് കോടിയുടെ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍, തിരുവനന്തപുരത്തും കവര്‍ച്ച നടത്തിയെന്ന് സംശയം

ജയ്പൂര്‍- വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായി ഹോട്ടലില്‍ താമസിച്ച് കവര്‍ച്ച പതിവാക്കിയ വിരുതന്‍ രാജസ്ഥാനില്‍ പിടിയില്‍.
പഞ്ചനക്ഷത്ര ഹോട്ടലായ ക്ലാര്‍ക്‌സ് അമേറില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളും മറ്റു വസ്തുക്കളും മോഷ്ടിച്ച സംഭവത്തിലാണ് പ്രതിയെ അറസറ്റ് ചെയ്തത്.
ഒളിവില്‍ കഴിയുകയായിരുന്ന ജയേഷ് റാവ്ജി സെജ്പാല്‍ എന്ന പ്രതിയെ സൂറത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 25 ന് ജയ്പൂരില്‍ മോഷണം നടത്തുന്നതിന് മുമ്പ്, നവംബര്‍ 20 ന് ഉദയ്പൂരിലെ ഒരു ഹോട്ടലില്‍ പ്രതി സമാനമായ മോഷണം നടത്തിയതായി സംശയിക്കുന്നതായി പോലീസ്  പറഞ്ഞു.
മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം, തിരുവനന്തപുരം, ആഗ്ര, ലഖ്‌നൗ, ഉദയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സമാന രീതിയിലുള്ള കവര്‍ച്ചകള്‍  നടന്നിട്ടുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് പ്രതി. നേരത്തെയും ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് ജയ്പൂര്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അജയ് പാല്‍ ലാംബ മാധ്യമങ്ങളോട് പറഞ്ഞു.
ആഭരണങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിച്ച മുഴുവന്‍ സാധനങ്ങളും സെജ്പാലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.  
പ്രതിക്കെതിരെ വിവിധ നഗരങ്ങളിലായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, 2000 മുതലാണ് ഇയാള്‍ ഇത്തരം കവര്‍ച്ച ആരംഭിച്ചതെന്നും  ലാംബ പറഞ്ഞു.

 

Latest News