സൗദിയുമായി എയര്‍ ബബിള്‍ കരാറിന് ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ഇതിനായുള്ള  നിര്‍ദ്ദേശങ്ങള്‍ സൗദി അറേബ്യക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വ്യക്തമാക്കി.  മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
 ലോകത്തിലെ പല രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയയുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുമ്പോള്‍ എയര്‍ ബബിള്‍ കരാര്‍ ഇല്ലാത്തതിന്റെ ഫലമായി അവര്‍ വലിയ വിമാന ചാര്‍ജ് കൊടുക്കേണ്ടിവരികയാണ്. സൗദിയുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമായിത്തീരുമെന്നും ഇന്ത്യ ഗവണ്‍മെന്റ് ഈ യാഥാര്‍ത്ഥ്യം   മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിക്കണമെന്നും  ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

 

Latest News