യു.എ.ഇ യാത്രക്കാരില്‍നിന്ന് 91 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 91 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ജഹ്ഫറുല്ലയില്‍ നിന്ന് 1,465 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തതത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം കാലിനു മുകളില്‍ കെട്ടിവെച്ചു കടത്താനായിരുന്നു ശ്രമം. ഇതിന് മാത്രം 57 ലക്ഷം രൂപ വില വരും.

ഷാര്‍ജയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സലീഖില്‍നിന്ന് 865 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഡി.ആര്‍.ഐ യില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ സി.പി. സബീഷ്, സന്തോഷ് ജോണ്‍, എം. ഉമാദേവി, ഇന്‍സ്‌പെക്ടര്‍മാരായ വീരേന്ദ്ര പ്രതാപ് ചൗധരി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Latest News