റിയാദ് - സൗദിയില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
പകര്‍ച്ചവ്യാധി വ്യാപനത്തില്‍ നിന്ന് സംരക്ഷണം നേടാന്‍ എല്ലായിടങ്ങളിലും വിദ്യാര്‍ഥികള്‍ മാസ്‌കുകള്‍ ധരിക്കണം. രണ്ടു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കണമെന്നും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഒമിക്രോണ്‍ വകഭേദം അടക്കമുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ അപകട സാധ്യതയില്‍ നിന്ന് സംരക്ഷണം നല്‍കും.
ഒമിക്രോണ്‍ വകഭേദം എത്രമാത്രം അപകടകാരിയാണെന്ന കാര്യത്തില്‍ ഇതുവരെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളില്‍ ഒന്നാണ് ഒമിക്രോണ്‍. ദ്രുതഗതിയിലുള്ള വ്യാപനവും വാക്‌സിനുകളോടുള്ള പ്രതികരണ കുറവും അണുബാധയുടെ തീവ്രതയും ഒമിക്രോണിന്റെ അപകട സാധ്യതകളാണെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 24 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 27 പേര്‍ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. 42 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.






