റിയാദ് - മോഷണ, പിടിച്ചുപറി കേസ് പ്രതികളായ അഞ്ചംഗ സംഘത്തെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് അറിയിച്ചു. അഞ്ചു സൗദി യുവാക്കളാണ് അറസ്റ്റിലായത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറുകള്‍ തട്ടിയെടുക്കുകയും ഈ വാഹനങ്ങളില്‍ സഞ്ചരിച്ച് ഭവനഭേദനവും കവര്‍ച്ചകളും നടത്തുകയും വിദേശ തൊഴിലാളികളുടെ പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയുമാണ് സംഘം ചെയ്തിരുന്നത്.
കവര്‍ച്ചകള്‍ക്കും പിടിച്ചുപറികള്‍ക്കും ഉപയോഗിച്ച ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് കവര്‍ന്ന കാറുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു സംഘത്തിന്റെ രീതി. നാലു തോക്കുകളും നിരോധിത വസ്തുക്കളും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ക്ക് സംഘത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെയും സംഘം അഗ്നിക്കിരയാക്കിയ കാറുകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.






