ബെംഗളൂരു- കര്‍ണാടകയില്‍ സ്ഥിരീകരിച്ച രണ്ട് ഒമിക്രോണ്‍ കേസുകള്‍ക്ക് പരസ്പര ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ രണ്ട് ഡോസ് സ്വീകരിച്ചയാളാണ്. രണ്ടാമന്‍ ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂ.
ഒരാള്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയും രണ്ടാമത്തെയാള്‍ ഇന്ത്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനുമാണ്.
ദക്ഷിണാഫ്രിക്കന്‍ പൗരനായ 66 കാരന്‍ നവംബര്‍ 20നാണ് ബെംഗളൂരുവിലെത്തിയത്. 22 ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
66 കാരനെ സ്വകാര്യ ഹോട്ടലിലാണ് ഐസൊലേറ്റ് ചെയ്തിരുന്നത്. പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്വദേശി നവംബര്‍ 27ന് ദുബായിലേക്ക് മടങ്ങിയതായും അധികൃതര്‍ പറഞ്ഞു.
ഇദ്ദേഹത്തിന് 24 പ്രൈമറി സമ്പര്‍ക്കവും 240 സെക്കന്‍ഡറി സമ്പര്‍ക്കവുമുണ്ടായിരുന്നുവെന്നും എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബെംഗളൂരു സ്വദേശിയായ 45 കാരന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. രണ്ടു ഡോസ് വാക്‌സിനും സ്വകീരിച്ച ഇദ്ദേഹത്തിന് 13 പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. 205 സെക്കന്‍ഡറി സമ്പര്‍ക്കത്തില്‍ രണ്ട് പേര്‍ക്കും രോഗം ബാധിച്ചു.
പോസിറ്റീവ് ആയ എല്ലാ രോഗികളുടെയും സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചിരിക്കയാണ്.
രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.






