Sorry, you need to enable JavaScript to visit this website.

സ്‌ഫോടനം നടത്തുമെന്ന് ഫോണില്‍ ഭീഷണി, അയോധ്യയില്‍ സുരക്ഷ ശക്തമാക്കി

ലഖ്‌നൗ- അയോധ്യ നഗരത്തില്‍ സ്‌ഫോടന പരമ്പര നടത്തുമെന്നും രാമക്ഷേത്രം തകര്‍ക്കുമെന്നും ഫോണില്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അയോധ്യ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച അജ്ഞാതന്‍ ഭീഷണി സന്ദേശം നല്‍കിയതെന്ന് യു.പി പോലീസ് വെളിപ്പെടുത്തി.   
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഒരു യുവാവാണ് വിളിച്ചതെന്ന് മുതിര്‍ന്ന പോലീസ്  ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് എമര്‍ജന്‍സി സര്‍വീസ് നമ്പറായ 112ലേക്ക് വിളിച്ച് അയോധ്യയില്‍ സ്‌ഫോടന പരമ്പര നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

നഗരത്തിലും ജില്ലയിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും സുരക്ഷാ ഏജന്‍സികളെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങള്‍ തടയാനും നഗരത്തിലോ സംസ്ഥാനത്തോ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അക്രമികളെ പിടികുടാനുമാണ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയത്.
ജില്ലയിലെ എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകളില്‍ താമസിക്കുന്ന എല്ലാ സന്ദര്‍ശകരെയും നിരീക്ഷിക്കാനും ഹോട്ടലുകളില്‍ തിരച്ചില്‍ നടത്താനും ലോക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.
നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പോലീസ് സംഘങ്ങള്‍ പരിശോധിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡിനും ഡോഗ് സ്‌ക്വാഡിനും ജാഗ്രത നിര്‍ദേശം നല്‍കി.
ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ രാമജന്മഭൂമിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിനൊപ്പം ലോക്കല്‍ പോലീസും യെല്ലോ സോണില്‍ റൂട്ട് മാര്‍ച്ച് നടത്തി.

 

 

Latest News