ന്യൂദൽഹി- ദൽഹിയിലെ വായൂമലിനീകരണത്തിന് 24 മണിക്കൂറിനകം പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാറിനും ദൽഹി സർക്കാറിനും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
''ഒന്നും നടക്കുന്നില്ലെന്നും മലിനീകരണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഞങ്ങൾക്ക് തോന്നുന്നു. സമയം മാത്രം പാഴാക്കുകയാണ്,'' ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. വായുവിന്റെ ഗുണനിലവാരം മോശമാക്കുന്ന വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രത്തിനും ദൽഹിക്കും അയൽ സംസ്ഥാനങ്ങൾക്കും കോടതി അന്ത്യശാസനം നൽകി.






