കൊച്ചി- പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസിൽ ചേർത്തിട്ടുണ്ടെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചു സി.പി.എം പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിരാമനടക്കം പത്തു പേർ കൂടി പ്രതിപ്പട്ടികയിലുണ്ടെന്ന കാര്യം സി.ബി.ഐ വ്യക്തമാക്കിയത്.
ഉദുമ മുൻ എംഎൽഎയായ കുഞ്ഞിരാമൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. രാഘവൻ വെളുത്തോളി, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഭാസ്‌കരൻ എന്നിവരാണ് ഇന്നലെ അറസ്റ്റ് ചെയ്തവരെ കൂടാതെ പ്രതിപ്പട്ടികയിൽ ചേർത്തവർ.
കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു സി.പി.എം പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം
പ്രതികളെ കാസർകോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു (36), വിഷ്ണു സുര(45), ശാസ്താ മധു (38), റെജി വർഗീസ് (45), ഹരിപ്രസാദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് രാവിലെ എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാക്കും. കല്ല്യോട്ടെ എ.കെ.ജി ക്ലബിന്റെ പ്രവർത്തകരാണ് പിടിയിലായവർ. അറസ്റ്റിലായ വിഷ്ണുസുര പെരിയ ടൗണിലെ ഡ്രൈവറാണ്. കൊലപാതകത്തിൽ തുടക്കം മുതൽ ആരോപണ വിധേയനായ സി.പി.എം നേതാവ് ശാസ്താ ഗംഗാധരന്റെ സഹോദരനാണ് മധു. ഹരിപ്രസാദിന് എട്ടുമാസം മുമ്പാണ് പെരിയ ബസാറിലെ സഹകരണ സ്ഥാപനത്തിൽ സി.പി.എം നേതൃത്വം ജോലി നൽകിയത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന റെജി വർഗീസ് 10 വർഷം മുമ്പ് സി.പി.എമ്മിൽ ചേർന്നതാണ്. കൊലപാതകത്തിന് രണ്ടു മണിക്കൂർ മുമ്പ് 'അവൈലബിൾ ബ്രാഞ്ച്' യോഗം നടത്തി കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിൽ ഇവരെല്ലാം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. കൊലപാതകം നടത്തുന്നതിന് വാഹനങ്ങൾ അടക്കമുള്ള സഹായം ചെയ്യുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് പ്രതികളാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 17 ന് രാത്രി ഏഴിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കല്ല്യോട്ട് -തണ്ണിത്തോട് റോഡിലെ കൂരാങ്കരയിൽ വെച്ച് ബൈക്ക് തടഞ്ഞു നിർത്തി കാട്ടിനുള്ളിൽ മറഞ്ഞിരുന്ന കൊലയാളി സംഘം ചാടിവീണാണ് കൊല നടത്തിയത്. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ.പീതാംബരന്റെ നേതൃത്വത്തിലുള്ള 14 പേരെയാണ് നേരത്തെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്.






