മുംബൈ- മുംബൈ വിമാനത്താവളത്തിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും നിര്‍ബന്ധിത ആര്.ടി-പി.സി.ആര് പരിശോധന ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഇത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നെ നടപ്പിലാക്കണമെന്ന് കത്തില്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ പൂര്‍ണമായും വാക്സിനേഷന് എടുത്തിട്ടില്ലെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ 48 മണിക്കൂറിനിടെ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിരിക്കണമെന്നാണ് നിബന്ധന.
വിദേശത്തുനിന്ന് എത്തുന്നവരുടെ പി.സി.ആര് നെഗറ്റീവായെങ്കിലും 14 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്.
ഇന്ത്യയിലെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് കണക്റ്റഡ് വിമാനങ്ങളില്‍ പോകുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ആര്.ടി-പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധമാണ്. നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ കണക്ടിംഗ് വിമാനങ്ങളില്‍ പോകാന്‍ അനുവദിക്കൂ.
പല രാജ്യങ്ങളിലും കണ്ടെത്തിയ പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.






