Sorry, you need to enable JavaScript to visit this website.

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാറിലെ  ഷട്ടറുകള്‍ തുറന്നു; നിരവധി വീടുകളില്‍ വെള്ളം കയറി

തൊടുപുഴ- മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. 60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പിന്നീട് ഇത് മുപ്പത് സെന്റീമീറ്ററായി കുറച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ ആശങ്കയിലായത് വള്ളക്കടവ് നിവാസികളാണ്. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു.
ഇന്നലെ രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. സെക്കന്റില്‍ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചു.
ഷട്ടര്‍ തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇതാണ് ഇപ്പോള്‍ ജനരോഷത്തിന് ഇടയാക്കിയിരിക്കുന്നത്.
 

Latest News