ബൂസ്റ്റർ ഡോസ് ആയി അശ്വഗന്ധ; ആയുഷ് മന്ത്രാലയം പരീക്ഷണം തുടങ്ങി

ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ നല്‍കുന്ന സുരക്ഷയും രോഗപ്രതിരോധവും വര്‍ധിപ്പിക്കാനുള്ള ശേഷി ആയുര്‍വേദ മരുന്നായ അശ്വഗന്ധയ്ക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയം പരീക്ഷണം ആരംഭിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ആണ് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. പൂനെയിലും മുംബൈയിലും പരീക്ഷണം ആരംഭിച്ചു. ദല്‍ഹി, നാഗ്പൂര്‍, ജയ്പൂര്‍, ബെല്‍ഗാം, ഹാസന്‍ എന്നീ നഗരങ്ങളില്‍ അടുത്ത ഘട്ടത്തല്‍ പരീക്ഷണം നടത്തും. 1200 പേരെയാണ് പരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്നത്. ഇവരെ ആയുര്‍വേദ, അലോപ്പതി ഡോക്ടര്‍മാര്‍ നിരീക്ഷിക്കും. കോവിഡ് വാക്‌സിന്‍ നല്‍കുന്ന സുരക്ഷ അശ്വഗന്ധ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്യാന്‍ കഴിയുമോ എന്നാണ് അന്വേഷിക്കുന്നത്. 

വാക്‌സിന്‍ നല്‍കിയ ഉടന്‍ ഈ 1200 പേര്‍ക്കും അശ്വഗന്ധ നല്‍കുകയോ മരുന്നെന്ന പേരില്‍ മരുന്നല്ലാത്ത വസ്തു നല്‍കുകയോ ചെയ്യും. ഇവരെ 28 ദിവസം തുടര്‍ച്ചയായി നിരീക്ഷിക്കും. ശരീരത്തില്‍ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതിന് സെന്റര്‍ ഫോര്‍ റുമാറ്റിക് ഡിസീസ് വികസിപ്പിച്ച ഒരു ആപ്പ് വഴി എല്ലാ ദിവസവും ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. 

ആയുര്‍വേദത്തിലെ പ്രശസ്ത മരുന്നുകളിലൊന്നായ അശ്വഗന്ധ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അണുബാധ തടയാനും പ്രതിരോധശേഷിയിലെ ക്രമക്കേടുകള്‍ ശരിപ്പെടുത്താനുമാണ് ഉപയോഗിക്കുന്നത്.

Latest News