ഇസ്ലാമാബാദ്- പാക്കിസ്ഥാന് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സാമുഹ്യ പ്രവര്‍ത്തക കൃഷ്ണ കുമാരിയെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടാല്‍ സെനറ്റിലെ ഏക ന്യൂനപക്ഷ ഹിന്ദു സമുദായംഗമാകും 38-കാരിയായ കൃഷണ കുമാരി. സിന്ധ് പ്രവിശ്യയിലെ ഗ്രാമീണ മേഖലയില്‍നിന്ന് ഉയര്‍ന്നു വന്ന ഇവര്‍ മനുഷ്യാവകാശ, വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ ഉന്നനമത്തിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആറു വര്‍ഷവും തന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം എന്നിവ മെച്ചപ്പെടുത്തുന്നതിനായിരിക്കുമെന്ന് അവര്‍ പറയുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അടിമ ജോലി, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ എന്നിവയ്ക്കെതിരേയും കൃഷ്ണകുമാരി സജീവമായി രംഗത്തുണ്ട്. കോഹ്ലി സമുദായത്തില്‍പ്പെട്ട ഇവര്‍ അടിമ വേല ചെയ്തിരുന്ന കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പകാലത്തെ ദുരനുഭവങ്ങളാണ് ഇവരെ ഒരു അവകാശ പോരാളിയും സാമൂഹിക പ്രവര്ത്തകയുമാക്കി മാറ്റിയത്. പോലീസ് ഇടപെടലിലൂടെയാണ് ഇവര്‍ അടിമ ജോലിയില്‍ നിന്ന് രക്ഷപ്പെട്ടത്. 16-ാം വയസ്സില്‍ വിവാഹിതയായി. വിവാഹ ശേഷവും വിദ്യാഭ്യാസം തുടര്‍ന്ന് കൃഷ്ണ കുമാരിക്ക് സാമൂഹിക ശാസത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്.
പാക്കിസ്ഥാന് സെനറ്റില്‍ പിപിപി അംഗമായി രത്ന ഭഗവാന്‍ദാസ് ചാവ്ല എന്ന ഒരു ഹിന്ദു വനിത മാത്രമെ ഇതുവരെ ഉണ്ടായിട്ടുള്ളു. 2006 മുതല്‍ 2012 വരെ ഇവര്‍ സിന്ധ് പ്രവിശ്യയെയാണ് സഭയില്‍ പ്രതിനിധീകരിച്ചത്്. കൃഷ്ണ കുമാരി സെനറ്റിലെത്തുന്ന പട്ടികജാതിയില്‍പ്പെട്ട ആദ്യ വനിതയാകും. ഇവരും സിന്ധിനെ പ്രതിനിധികരിച്ചാണ് എത്തുന്നത്.






