ഗുജറാത്ത് കലാപമുണ്ടായത് ആര് ഭരിക്കുമ്പോള്‍? ചോദ്യം വിവാദമായി, തെറ്റുപറ്റിയെന്ന് സിബിഎസ്ഇ 

ന്യൂദല്‍ഹി- ബുധനാഴ്ച നടന്ന സിബിഎസ്ഇ 12ാം ക്ലാസ് സൊഷ്യോളജി ടേം വണ്‍ പരീക്ഷയില്‍ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചോദ്യം വിവാദമായി. ഗുജറാത്തില്‍ 2002ല്‍ വന്‍തോതില്‍ വ്യാപിച്ച മുസ്‌ലിം വിരുദ്ധ കലാപം നടക്കുമ്പോള്‍ ഏതു സര്‍ക്കാരാണ് ഭരിച്ചിരുന്നത് എന്നാണ് ചോദ്യം. കോണ്‍ഗ്രസ്, ബിജെപി, ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ എന്നീ നാല് ചോയ്‌സുകളാണ് ഉത്തരമായി നല്‍കിയിരുന്നത്. ഈ ചോദ്യത്തിനെതിരെ പലരും രംഗത്തെത്തുകയും വിവാദമാകുകയും ചെയ്തതോടെ സിബിഎസ്ഇ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. ചോദ്യം അനുചിതവും സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവുമാണ്. സിബിഎസ്ഇ ഈ തെറ്റ് അംഗീകരിക്കുന്നു. ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- സിബിഎസ്ഇ ട്വീറ്റിലൂടെ അറിയിച്ചു.

ആയിരത്തിലേറെ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത് മുസ്‌ലിം വംശഹത്യ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ലാണ് നടന്നത്. സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയേയും മറ്റ് 63 പേരേയും തെളിവിന്റെ അഭാവത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു.
 

Latest News