മുസഫര്‍പുര്‍- വടക്കന്‍ ബിഹാറിലെ മുസഫര്‍പൂരിലെ പ്രശസ്ത കണ്ണാശുപത്രിയില്‍ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ 15ഓളം പേരുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ശസ്ത്രക്രിയയിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ അധികൃതര്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുസഫര്‍നഗര്‍ ഐ ഹോസ്പിറ്റലില്‍ നവംബര്‍ 22നായിരുന്നു സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്. ശസ്ത്രക്രിയയ്ക്ക് വിധേയരായ മുഴുവന്‍ രോഗികളുടേയും വിവരങ്ങള്‍ ആശുപത്രിയി മാനേജ്‌മെന്റില്‍ നിന്ന് തേടിയതായി മുസഫര്‍നഗര്‍ സിവില്‍ സര്‍ജന്‍ വിനയ് കുമാര്‍ ശര്‍മ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീര്‍ണതകളാണ് 15 പേരുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
65 പേരാണ് ക്യാമ്പില്‍ പങ്കെടുത്തതെന്നും റിപോര്‍ട്ടുണ്ട്. ഇവര്‍ ചിലര്‍ രോഗലക്ഷങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നുവെന്നും അണുബാധ കാരണം നാലു പേരുടെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക നേതൃത്വം നല്‍കിയത് വിദഗ്ധരായ സര്‍ജന്‍ ആണെന്നും ആശുപത്രി പറയുന്നു. ക്യാമ്പിലെ ശുചിത്വം, ഓരോ ഡോക്ടറും നടത്തിയ ശസ്ത്രക്രിയകളുടെ എണ്ണം എന്നിവ സംബന്ധിച്ച് അവര്‍ ഒന്നും പറഞ്ഞില്ല.