കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ച് ഇ.ടി.മുഹമ്മദ് ബഷീര്‍

ന്യൂദല്‍ഹി- കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി അകാരണമായി നീണ്ടുപോവുകയാണെന്നും കാലതാമസം കൂടാതെ അനുമതി നല്‍കണമെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍  ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി  പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും, ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റിന്റെ പേരിലുള്ള അനാവശ്യ ചാര്‍ജ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
വിമാന അപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വീസ്  നിര്‍ത്തിവെച്ചത്.  അപകട കാരണം  വിമാനത്താവളത്തിന്റെ ഭൗതിക പ്രശനം കൊണ്ടല്ലെന്നും പൈലറ്റിന്റെ ഭാഗത്ത് നിന്നു ഉണ്ടായ വീഴ്ചയാണെന്നും അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നിട്ടും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി നീണ്ടുപോകുകയാണ്. ഇതിന്റെ ഫലമായി ഒട്ടനവധി യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലാണുള്ളത്. ഇതേ തുടര്‍ന്നു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിനു പോയിരുന്ന  കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. ഇത് പരിഗണിക്കാത്തതു ഖേദകരമാണ്.
 വിമാനത്താവളത്തില്‍ ആര്‍. ടി. പി. സി ആര്‍ ടെസ്റ്റിന്റെ പേരില്‍ അമിതമായ ചാര്‍ജ് ഈടാക്കുന്നതും വലിയ പ്രശ്‌നമാണ്. 2500 രൂപ യാണ് ഒരു യാത്ര ക്കാരനില്‍നിന്ന് ഈടാക്കുന്നത്. വലിയ  ക്രൂരതയാണിത്. ഭീമമായ ചാര്‍ജാണ് ടെസ്റ്റിന്റെ പേരില്‍ യാത്രക്കാരില്‍ നിന്ന്  ഈടാക്കുന്നത്. കോവിഡിന്റെ ദുരിതം കഴിഞ്ഞ് ജോലിക്ക് വേണ്ടി മറുനാടുകളില്‍ പോകുന്നവരെ വലിയ തോതില്‍ ചൂഷണം ചെയ്യുന്ന നടപടിയാണിത്. പരിശോധന ഫീസ് ന്യായമായ രീതിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.വിവിധ തരം ചാര്‍ജുകളിലും വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗവണ്മെന്റ് വളരെ പെട്ടെന്ന് തന്നെ കരിപ്പൂര്‍  വിമാനത്താവളത്തിന്റെ രക്ഷക്ക് വേണ്ടി മുന്നോട്ട് വരണമെന്നും എം.പി അഭ്യര്‍ഥിച്ചു.

 

Latest News