ദമാം- ഹഫര്‍ അല്‍ബാത്തിനില്‍ റിക്രൂട്ട്മെന്റ് ഓഫീസില്‍ വെച്ച് വേലക്കാരികള്‍ അടക്കം ഒരു കൂട്ടം വിദേശ തൊഴിലാളികളെ മര്‍ദിച്ച കേസില്‍ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.
റിക്രൂട്ട്മെന്റ് ഓഫീസില്‍ വെച്ച് വിയോജിപ്പുകളുടെ പേരില്‍ വിദേശ തൊഴിലാളികളെ സ്ഥാപന ഉടമയും ജീവനക്കാരനും ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് കുറ്റക്കാരെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടിരുന്നു.
അന്വേഷണത്തില്‍ ഏതാനും വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്ന് വ്യക്തമായി. എന്നാല്‍ ഇപ്പോഴാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മുഴുവന്‍ വിദേശ തൊഴിലാളികളും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവര്‍ ആരും തന്നെ ഇതുവരെ രാജ്യത്ത് തിരിച്ചെത്തിയിട്ടില്ല. സ്ഥാപന ഉടമയായ സൗദി പൗരനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. വീഡിയോ ശ്രദ്ധയില്‍ പെട്ട് റിക്രൂട്ട്മെന്റ് ഓഫീസിന്റെ ലൈസന്‍സ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പിന്‍വലിച്ചിട്ടുണ്ട്.






