പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

കാസര്‍കോട്- പെരിയ ഇരട്ടക്കൊലക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സി.ബി.ഐ ക്യമ്പ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. സി.ബി.ഐ ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24)  വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. ഇവരില്‍ മൂന്നുപേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2019 സെപ്റ്റംബര്‍ 30 കേസ് സി.ബി.ഐക്ക് വിട്ടത്. തുടര്‍ന്ന് 14 പ്രതികളെ ഉള്‍പ്പെടുത്തി െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും സി.ബി.ഐ അന്വേഷണം തടസപ്പെടുകയും ചെയ്തിരുന്നു.

 

 

Latest News