Sorry, you need to enable JavaScript to visit this website.

എന്ത് യുപിഎ? അതിപ്പോള്‍ ഇല്ല, കൂടെ കൂട്ടേണ്ടത് കരുത്തരെ: പവാറിനെ കണ്ട ശേഷം മമത

മുംബൈ- ഇപ്പോള്‍ ഇവിടെ യുപിഎ ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. മുംബൈയില്‍ എന്‍സിപി തലവന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പവാര്‍ യുപിഎയെ നയിക്കുമോ എന്ന ചോദ്യത്തിന് എന്ത് യുപിഎ എന്ന മറുചോദ്യമാണ് മമത ഉന്നയിച്ചത്. ഇവിടെ ഇപ്പോള്‍ യുപിഎ ഇല്ല, ഞങ്ങള്‍ ഒന്നിച്ച് അത് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. 

രാജ്യത്ത് ഇന്നുള്ളത് ഫാഷിസത്തിന്റെ അന്തരീക്ഷമാണ്. ഇതിനെതിരെ ഒരു കരുത്തുറ്റ ബദല്‍ രംഗത്തുവരണം. ആര്‍ക്കും ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. കരുത്തുള്ളവരെ കൂടെ കൂട്ടണം- മമത പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷത്തുള്ള ശിവ സേന, എന്‍സിപി നേതാക്കളെ കാണാന്‍ ത്രിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് മമത മുംബൈയില്‍ എത്തിയത്.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഒരു ബദല്‍ മുന്നണി വരുമോ എന്ന ചോദ്യത്തിന് മമത നല്‍കിയ മറുപടി ഇങ്ങനെ: പൊരുതുന്നവരുടെ ഒരു കരുത്തുറ്റ ബദല്‍ വേണ്ടതുണ്ട് എന്നാണ് ശരത് ജി പറഞ്ഞത്. ഇതില്‍ ഒരാള്‍ പൊരുതുന്നില്ലെങ്കില്‍ നാം എന്തു ചെയ്യും? എല്ലാവരും പോരാട്ടത്തിന് ഉണ്ടാകണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്- മമത വ്യക്തമാക്കി.

Latest News