ന്യൂദല്‍ഹി- ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തിലാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത് .വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സമാന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
ഡിസംബര്‍ 15ന് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവാണ് സിവില്‍ വ്യോമയാന മന്ത്രാലയം മരവിപ്പിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.
ദല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നാല് പേരും ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകള്‍ തുടര്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.
വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ദല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നുത്.






