Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം ലീഗ് നടത്തുന്നത് തീക്കളി, ഹൈദരലി തങ്ങൾ ഇടപെടണം-കെ.ടി ജലീൽ

കോഴിക്കോട്- വഖഫ് ബോർഡ് നിയമനങ്ങൾ അടക്കമുള്ള സർക്കാർ തീരുമാനങ്ങൾക്കെതിരെ പള്ളികളിൽ പ്രതിഷേധിക്കാനുള്ള മുസ്്‌ലിം ലീഗ് തീരുമാനം തീക്കളിയാണെന്നും നീക്കത്തിൽനിന്ന് ലീഗിനെ പിന്തിരിപ്പിക്കണമെന്നും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. 
പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി  ദുരുപയോഗം ചെയ്യപ്പെടുമെന്നും അപ്പോൾ ലീഗിന്റെ അഭിപ്രായം എന്താകുമെന്നും ജലീൽ ചോദിച്ചു. മുസ്്‌ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീഅത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ലീഗ്  ഇപ്പോൾ പറയുന്ന കാരണങ്ങൾ തീർത്തും രാഷ്ട്രീയ വിരോധത്തോടെയുള്ളതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിരവധി പള്ളികളുടെ നിയന്ത്രണമുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം ലീഗ് തട്ടിപ്പടച്ചുണ്ടാക്കിയ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് വിട്ട് നിന്നതും ലീഗിന്റെ നിലപാടിനോട് വിയോജിച്ചതും. ഏറ്റവുമധികം പള്ളികളുള്ള സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളോ ജനറൽ സെക്രട്ടറി പ്രൊ: ആലിക്കുട്ടി മുസ്ല്യാരോ കോഡിനേഷൻ കമ്മിറ്റിയിൽ പങ്കെടുത്തിട്ടില്ല. ദക്ഷിണ കേരള ജംഇയ്യത്തും ഉലമയുടെ പ്രധാനികളാരും ലീഗ് ഉപഗ്രഹ യോഗത്തിൽ സംബന്ധിച്ചതായി അറിവില്ല. വിവിധ മുസ്്‌ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവർ പങ്കെടുത്ത യോഗമാണ് കോഴിക്കോട്ട് നടന്നതെന്നത്. 
രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികൾ മുസ്്‌ലിം ലീഗിന്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. കേരളത്തിലെ  മഹല്ലുകമ്മിറ്റികളിൽ (കരയോഗം/ഇടവക) കാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തിന്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നത്. വെള്ളിയാഴ്ച പള്ളികളിൽ ലീഗനുകൂല ഇമാമുമാർ പ്രസംഗിക്കുമ്പോൾ എതിരഭിപ്രായമുള്ളവർ അതിനോട് പ്രതികരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും അത് തർക്കങ്ങൾക്കും കയ്യേറ്റങ്ങൾക്കും ഇടവെച്ചേക്കും. നിരവധി പള്ളികളുടെ 'ഖാളി' സ്ഥാനം അലങ്കരിക്കുന്ന ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈ തീക്കളിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും ജലീൽ പറഞ്ഞു. 

Latest News