Sorry, you need to enable JavaScript to visit this website.

ഒരു പാര്‍ട്ടിയുടേയും റബര്‍ സ്റ്റാമ്പ് ആകാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്ന് 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവക്കാത്തതിന് ന്യായീകരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഒരു പാര്‍ട്ടിയുടേയും റബര്‍ സ്റ്റാമ്പ് ആയി മാറില്ല എന്നുറപ്പാക്കിയെ പ്രതിപക്ഷ ഐക്യത്തിനുള്ളൂ എന്ന് തൃണമൂല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളത്തിന്റെ തുടര്‍ന്നുള്ള സെഷനുകള്‍ ബഹിഷ്‌ക്കരിക്കില്ലെന്നും വിവാദമായ ബില്ലുകള്‍ അനായാസം പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് ഫ്രീ പാസ് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പൊരുതുമെന്നും തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെരക് ഒബ്രിയന്‍ പറഞ്ഞു.

ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ മറ്റു പാര്‍ട്ടികള്‍ ഉണ്ടാകാം. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്ന പാര്‍ട്ടികളും ഉണ്ട്. ഞങ്ങള്‍ അങ്ങനെ അല്ല. ഞങ്ങല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചവരാണ്. പ്രതിപക്ഷ ഐക്യം വേണം, പക്ഷെ ആരുടേയും റബര്‍ സ്റ്റാമ്പ് ആകാനില്ല- ഡെരക് ഒബ്രിയന്‍ പറഞ്ഞു. 

14 പ്രതിപക്ഷ പാര്‍ട്ടികളാണ് കഴിഞ്ഞ ദിവസം സംയുക്ത് പ്രസ്താവന ഇറക്കിയത്. ഇതില്‍ ഒപ്പുവെക്കാത്തത് മറ്റു പാര്‍ട്ടികളില്‍ നിന്നും തങ്ങള്‍ വ്യത്യസ്തരായത് കൊണ്ടാണെന്ന് തൃണമൂല്‍ കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സഖ്യകക്ഷികളായ ആര്‍ജെഡി, ഡിഎംകെ, സിപിഐഎം എന്നിവരില്‍ നിന്നും  കോണ്‍ഗ്രസുമൊത്ത് ഭരണം പങ്കിടുന്ന എന്‍സിപി, ശിവസേന എന്നീ പാര്‍ട്ടികളില്‍ നിന്നും തങ്ങള്‍ വ്യത്യസ്തരാണ് എന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ എംപിമാരായ ദോല സെന്നും ശാന്ത ഛേത്രിയും നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് സമ്മേളം അവസാനിക്കുന്നതുവരെ രാവിലെ 10 മുതല്‍ വൈകീട്ട് ആറു മണി വരെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു സമീപം ധര്‍ണയിരിക്കും.
 

Latest News