Sorry, you need to enable JavaScript to visit this website.

ഗോവയില്‍ ഒരു മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു, ആരോപണവുമായി കോണ്‍ഗ്രസ് 

പനജി- മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്ത് ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി എങ്ങിനെ ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന വിഡിയോ, ഓഡിയോ, വാട്‌സാപ് ചാറ്റ് തുടങ്ങിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോഡങ്കര്‍ പറഞ്ഞു. 20 ദിവസം ഉത്തരവാദപ്പെട്ട രണ്ടു പേരാണ് തെളിവുകള്‍ ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഞങ്ങളുടെ മാന്യത കൊണ്ടും ധാര്‍മിക ഉത്തരവാദിത്തം കൊണ്ടുമാണ് മന്ത്രിയുടെ പേര് പുറത്തുവിടാത്തത്. രണ്ടു കുടുംബങ്ങളാണ് ഈ വിഷയത്തിലുള്‍പ്പെട്ടിട്ടുള്ളത്. മന്ത്രിയുടേയും യുവതിയുടേയും കുടുംബങ്ങള്‍ തെറ്റുകാരല്ല. ഈ മന്ത്രിക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് ഞങ്ങള്‍ 15 ദിവസം സമയം നല്‍കുന്നു. മന്ത്രിയെ പുറത്താക്കുകയും കുറ്റകൃത്യത്തിന് കേസെടുക്കുകയും വേണം. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ കോര്‍ട്ടിലാണ്- കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഗോവയില്‍ ഒരു വനിതാ മന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരാണ് ഉള്ളത്. 

അതേസമയം ഈ ആരോപണം ബിജെപി തള്ളി. വ്യാജ ആരോപണമാണെന്നും ഒരു മന്ത്രിക്കുമെതിരെ ലൈംഗിക ചൂഷണ പരാതിയോ ഉയര്‍ന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് താനവാഡെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News