Sorry, you need to enable JavaScript to visit this website.

തട്ടമിടാതെ മോഡലിന്റെ വിവാദ ഫോട്ടോഷൂട്ട്; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി

ന്യൂദല്‍ഹി- സിഖ് തീര്‍ത്ഥാടന കേന്ദ്രമായ പാക്കിസ്ഥാനിലെ കര്‍താര്‍പൂരിലെ ഗുരുദ്വാര ശ്രീ ദര്‍ബാര്‍ സാഹിബില്‍ പാക് മോഡല്‍ തലമറക്കാതെ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ ആശങ്ക അറിയിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനി നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി. ഇന്ത്യയിലേയും ലോകത്തെ മറ്റിടങ്ങളിലേയും സിഖ് വിശ്വാസികളുടെ വികാരം ആഴത്തില്‍ വ്രണപ്പെടുത്തുന്നതാണ് ഈ ആക്ഷേപാര്‍ഹമായ സംഭവമെന്ന് പാക്കിസ്ഥാനെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരധനാ സ്ഥലങ്ങളോടുള്ള അനാദരവ് കാട്ടല്‍ ആവര്‍ത്തിക്കുന്നത് കാണിക്കുന്നത് ഈ സമുദായങ്ങളുടെ വിശ്വാസത്തോടുള്ള പാക്കിസ്ഥാന്റെ ബഹുമാനമില്ലായ്മയാണെന്നും ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. സംഭവം അന്വേഷിച്ച് ഇതിലുള്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഗുരുദ്വാരയില്‍ തലമറക്കാതെയുള്ള മോഡലിന്റെ ഫോട്ടോഷൂട്ട് സിഖ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കിസ്ഥാനെതിരേയും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഗുരുദ്വാരയില്‍ തലമറക്കല്‍ നിര്‍ബന്ധമാണ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വിവാദമായതോടെ മോഡല്‍ സൗലേഹ പോസ്റ്റ് ഡിലീറ്റ് ചെയ്ത മാപ്പു പറഞ്ഞിരുന്നു. ആ ചിത്രങ്ങള്‍ ഫോട്ടോഷൂട്ട് ആയിരുന്നില്ലെന്നും ചരിത്രം പഠിക്കാനും സിഖ് സമുദായത്തെ കുറിച്ച് അറിയാനും ഈയിടെ കര്‍താര്‍പൂരില്‍ പോയതായിരുന്നു എന്നും അവര്‍ പറയുന്നു. ചിത്രങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും ഇന്‍സ്റ്റയില്‍ മോഡല്‍ പങ്കുവച്ച ക്ഷമാപണ കുറിപ്പില്‍ പറയുന്നു.

Latest News