Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

ബിനാമി ബിസിനസ്; വൻ ആനുകൂല്യവുമായി സൗദി, രണ്ട് മില്യൺ വാർഷിക വരുമാനമുള്ളവർക്ക് പദവി ശരിയാക്കാം

റിയാദ്- രണ്ട് മില്യണിലധികം വാർഷിക വരുമാനമുള്ള സൗദിയിൽ സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് സൗദിയിൽ ഇൻവെസ്റ്റ്‌മെന്റ് ലൈസൻസിന് അപേക്ഷിക്കാമെന്ന്  വാണിജ്യമന്ത്രാലയം. 2022 ഫെബ്രുവരി 16ന് മുമ്പ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും പിന്നീട് ബിനാമി ബിസിനസാണ് നടത്തുന്നതെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
10 മില്യൺ റിയാൽ വാർഷിക വരുമാനമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു വാണിജ്യമന്ത്രാലയം ഇതുവരെ ബിനാമി പദവി ശരിയാക്കലിന് പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് രണ്ടു മില്യണാക്കി കുറച്ചത്. ഇതോടെ നിരവധി പേർ ഇൻവെസ്റ്റ്‌മെന്റ് ലൈസൻസെടുക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ നിരവധി വ്യാപാരികൾ ഇൻവെസ്റ്റ്‌മെന്റ് ലൈസൻസ് എടുത്തുകഴിഞ്ഞിട്ടുണ്ട്.
സമയപരിധി അവസാനിക്കുന്നതോടെ ബഖാലകൾ (തംവീനാത്ത്), ലോണ്ട്രി, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ, ഇലക്ട്രിക്കൽസ്, പ്ലംബിംഗ് കടകൾ, റെസ്റ്റോറന്റുകൾ, പഴം-പച്ചക്കറി വിൽപന കടകൾ, വാഹന വർക്ക്‌ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ബിനാമി ബിസിനസ് വിരുദ്ധ സമിതിയുടെ പരിശോധനയുണ്ടാകുമെന്നും നിയമലംഘകർക്ക് അഞ്ചു വർഷം തടവോ അഞ്ചു മില്യൺ റിയാൽ പിഴയോ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
രണ്ട് മില്യൺ റിയാൽ വാർഷിക വരുമാനമുള്ളവർക്ക് ഇൻവെസ്റ്റ്‌മെന്റ് ലൈസൻസ് എടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യാപാര (ട്രേഡിംഗ്) മേഖലയിൽ ഇപ്പോഴും 27 മില്യൺ റിയാൽ തന്നെയാണ് മൂലധനം (കാപിറ്റൽ) കാണിക്കേണ്ടതെന്നും ഇതിൽ ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ലെന്നും നിരവധി സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ സർവീസ് നൽകുന്ന ലീഗൽ കൺസൽട്ടന്റ് സുഹൈൽ മുഹമ്മദ് സാലിം (മദീന) മലയാളം ന്യൂസിനോട് പറഞ്ഞു. ബഖാലകളെയെല്ലാം ട്രേഡിംഗ് മേഖലയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അക്കാരണത്താൽ ഈ മേഖലയിൽ നിക്ഷേപക ലൈസൻസ് വേണമെങ്കിൽ 27 മില്യൺ റിയാൽ തന്നെ മൂലധനം കാണിക്കേണ്ടിവരും. എന്നാൽ ലോണ്ട്രി, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ, ഇലക്ട്രിക്കൽസ് പ്ലംബിംഗ് കടകൾ, റെസ്റ്റോറന്റുകൾ, വാഹന വർക്ക്‌ഷോപ്പുകൾ, ബേക്കറികൾ എന്നിവ സർവീസ് മേഖലയിലാണ് ഇൻവെസ്റ്റ് മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുള്ളത്. വിദേശികളുടെ മുടക്കുമുതലിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് രണ്ട് മില്യണിലധികം വാർഷിക വരുമാനമുണ്ടെങ്കിൽ അവർക്കും ഇൻവെസ്റ്റ്‌മെന്റ് ലൈസൻസ് എടുക്കാവുന്നതാണ്. അവർ അഞ്ച് ലക്ഷം റിയാൽ മാത്രം മൂലധനം കാണിച്ചാൽ മതി. വ്യവസ്ഥകൾ പാലിച്ച് സൗദി പൗരനെ പാർട്ണറായി നിയമിച്ചോ സ്വന്തമായി ബിസിനസ് തുടരുകയോ ചെയ്യാം. 
സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്കാണ് നിലവിലെ ബിനാമി പദവി ശരിയാക്കൽ ബാധകമായിട്ടുള്ളത്. അവർ ഫെബ്രുവരി 16ന് മുമ്പ് പ്രീമിയം ഇഖാമയെടുക്കുകയോ കച്ചവടം ഒഴിവാക്കി ഫൈനൽ എക്‌സിറ്റിൽ പോവുകയോ സൗദി പൗരനെയോ ലൈസൻസുള്ള വിദേശ നിക്ഷേപകനെയോ പാർട്ണർ ആക്കി ബിസിനസ് തുടരുകയോ വിൽപനയിലൂടെയോ മറ്റു വഴികളിലൂടെയോ സ്ഥാപനം ഒഴിവാക്കുകയോ ചെയ്താണ് പദവി ശരിയാക്കേണ്ടതെന്നാണ് വാണിജ്യമന്ത്രാലയം വ്യക്തമാക്കുന്നത്.  സ്‌പോൺസറുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ അവിടങ്ങളിലെ ജീവനക്കാർക്കോ ഈ വ്യവസ്ഥകളൊന്നും ബാധകമല്ല. അവരെ സ്ഥാപനത്തിലെ ജോലിക്കാരായി മാത്രമെ കണക്കാക്കുകയുള്ളൂ. പണമിടപാടെല്ലാം സ്‌പോൺസർ അറിഞ്ഞുതന്നെയാകുമ്പോൾ ബിനാമിയുടെ പരിധിയിൽ വരികയുമില്ല. ഇൻവെസ്റ്റ് ലൈസൻസെടുത്തവർ എല്ലാ വർഷവും ലാഭത്തിന്റെ 20 ശതമാനം സർക്കാറിലേക്ക് അടക്കേണ്ടതുണ്ട്. അതോടൊപ്പം ലൈസൻസിനായി പ്രതിവർഷം 62000 റിയാലുമടക്കണം. ഇതോടൊപ്പം മറ്റെല്ലാ ഫീസുകളും അടക്കുകയും തൊഴിൽ വകുപ്പിന്റെ സ്വദേശിവത്കരണമടക്കമുള്ള വ്യവസ്ഥകൾ പാലിക്കുകയും വേണം. ഇൻവെസ്റ്റ്‌മെന്റ് ലൈസൻസെടുത്താൽ അതിലെല്ലാം ആനുകൂല്യമുണ്ടാകുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.
വാണിജ്യമന്ത്രാലയത്തിന്റെ ബിനാമി പദവി ശരിയാക്കാനുള്ള തസത്തുർ പോർട്ടലിൽ ബിനാമിയായാണ് ബിസിനസ് ചെയ്യുന്നതെന്ന് സത്യവാങ്മൂലം നൽകിയാണ് പദവി ശരിയാക്കൽ ആരംഭിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ നിലവിൽ ശിക്ഷകളൊന്നുമുണ്ടാകില്ല. ലൈസൻസ് വ്യവസ്ഥകൾ വേഗത്തിലാവുകയും ചെയ്യും. എന്നാൽ നേരത്തെ ബിനാമി കേസിൽ പിടിക്കപ്പെട്ടവർക്ക് ബിനാമി ലൈസൻസ് ഇപ്പോൾ ലഭിക്കുന്നില്ല.
 


 

Latest News