Sorry, you need to enable JavaScript to visit this website.

റാഗിംഗ് എന്ന കാടത്തം


സാഹോദര്യത്തിന്റെ കാമ്പസുകൾ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേധാവികളും വിദ്യാർഥി സംഘടനകളും രക്ഷിതാക്കളും കൂട്ടായി പ്രവർത്തിക്കണം. കാമ്പസുകളെ റാഗിംഗ് മുക്തമാക്കുന്നതിൽ ഓരോ വിദ്യാർഥിക്കും അവരുടേതായ കടമകൾ നിർവഹിക്കാനുണ്ട്.  

 

കലാലയങ്ങൾ വ്യക്തിത്വ രൂപീകരണത്തിന്റെ കൂടി വേദികളാണ്. പഠനത്തോടൊപ്പം ജീവിതത്തിലെ വൈവിധ്യമാർന്ന അനുഭവ മുഹൂർത്തങ്ങളെ നേരിടുന്നതിന് വിദ്യാർഥികളെ മാനസികമായി പ്രാപ്തരാക്കുന്നതിൽ കാമ്പസുകൾക്ക് പ്രധാന പങ്കുണ്ട്. അന്തർമുഖരായ വിദ്യാർഥികളെ സമൂഹത്തിന്റെ മുഖധാരയിലെ ഇടപെടലുകളിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിനും കാമ്പസ് ജീവിതം ഏറെ സംഭാവനകൾ നൽകേണ്ടതുണ്ട്. പരസ്പര സൗഹാർദങ്ങൾ ശക്തിപ്പെടുത്തുന്നതും സഹാനുഭാവം യുവ മനസ്സുകളിൽ വളർത്തുന്നതും പഠനത്തോടൊപ്പം കലാലയങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളാണ്.
കാസർകോട് ജില്ലയിലെ സ്‌കൂൾ കാമ്പസുകളിൽ നിന്ന് കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ജൂനിയർ വിദ്യാർഥികൾക്ക് നേരെ സീനിയറുകളുടെ റാഗിംഗ് ഇന്ന് ചർച്ചാ വിഷയമാണ്. കോവിഡ് വ്യാപനം മൂലം ഏറെ കാലമായി അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങൾ തുറന്നപ്പോൾ വിദ്യാർഥികൾക്കിടയിൽ സൗഹാർദം ശക്തിപ്പെടുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ജൂനിയർ വിദ്യാർഥികളോട് മനുഷ്യത്വമില്ലാത്ത രീതിയിൽ പെരുമാറുന്ന ഒരു സംഘം വിദ്യാർഥികളെയാണ് കാസർകോട്ടെ വിദ്യാലയങ്ങളിൽ കണ്ടത്. ഉപ്പളയിലെ വിദ്യാലയത്തിൽ വിദ്യാർഥിയുടെ മുടി ബലമായി മുറിച്ചെടുത്ത് റാഗിംഗ് നടത്തുകയായിരുന്നു ഒരു സംഘം സീനിയർ വിദ്യാർഥികൾ. അതിർത്തി പ്രദേശമായ ബേക്കൂരിലെ സ്‌കൂളിലാകട്ടെ, പുതുതായി ചേർന്ന വിദ്യാർഥിയുടെ കൈയിൽ ഷൂസ് കെട്ടിയിട്ട് നടത്തിക്കുകയും ഫാഷൻ ഷോകളിലേതു പോലെ കാറ്റ് വാക്ക് ചെയ്യിക്കുകയുമായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നാണക്കേടുണ്ടാക്കുന്നതാണ് രണ്ടു സംഭവങ്ങളും.


വികലമായ മാനസികാവസ്ഥകളിൽ നിന്ന് ഉടലെടുക്കുന്ന നീചപ്രവൃത്തിയാണ് റാഗിംഗ്. ഏറെ കൗതുകത്തോടെയും ആശങ്കകളോടെയുമാണ് നവാഗതരായ വിദ്യാർഥികൾ കാമ്പസുകളിലേക്ക് കാലെടുത്തു വെക്കുന്നത്. സ്‌കൂളുകളിൽ പ്രവേശനോൽസവം സംഘടിപ്പിക്കുന്നത് ഈ മാനസിക സംഘർഷം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ വിദ്യാർഥികൾ മുതിരുന്നതോടെ നവാഗതരോടുള്ള മനോഭാവം മാറുകയാണ്. പുതിയ കുട്ടികളെ സ്‌നേഹത്തോടെ സ്വീകരിക്കേണ്ട സീനിയർ വിദ്യാർഥികൾ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുള്ള അവസരമായി അതിനെ ദുരുപയോഗം ചെയ്യുന്നു. സീനിയോറിറ്റിയുടെ അഹംഭാവത്തിൽ നിന്നുടലെടുക്കുന്ന അപക്വമായ മനോവ്യാപാരങ്ങളാണ് അവരെ റാഗിംഗിന് പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ ലഭിക്കുന്ന ക്ഷണികമായ ആനന്ദം മാത്രമാണ് അവർക്കുള്ളത്. റാഗിംഗിന് വിധേയരാകുന്ന വിദ്യാർഥികളുടെ മനോവേദനകൾ അവർ തിരിച്ചറിയാറില്ല.


റാഗിംഗിന് നല്ല വശങ്ങളുണ്ടെന്ന വാദവും നിലനിൽക്കുന്നുണ്ട്. പുതിയ വിദ്യാർഥികളെ ജീവിത പ്രതിസന്ധികൾ തരണം ചെയ്യാൻ റാഗിംഗ് സഹായിക്കുന്നുവെന്നാണ് ഇവരുടെ വിശദീകരണം. എന്നാൽ പലപ്പോഴും റാഗിംഗിന് വിധേയരാകുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും മാനസികമായി കരുത്തു നേടുകയല്ല ചെയ്യുന്നത്. മറിച്ച്, മറ്റു വിദ്യാർഥികൾക്കിടയിൽ അപമാനിക്കപ്പെട്ടതിന്റെ ജാള്യവും ആൾകൂട്ടങ്ങളിൽ നിന്ന് മാറിനിൽക്കാനുള്ള അന്തർമുഖതയും അവരിൽ വളരുന്നു. ഇത് വിദ്യാർഥികളെ കൂടുതൽ ഉൾവലിയാൻ ഇടായാക്കിയേക്കും.
കലാലയങ്ങളിൽ റാഗിംഗ് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. കേരളത്തിലെ കാമ്പസുകളിൽ ഒരു കാലത്ത് വ്യാപകമായിരുന്ന ഈ കാടത്തം ഒട്ടേറെ വിദ്യാർഥികളെയാണ് വേദനിപ്പിച്ചിട്ടുള്ളത്. അപമാന ഭാരത്താൽ ആത്മഹത്യ ചെയ്തവരും പഠനം നിർത്തിയവരുമൊക്കെയുണ്ട്. കാമ്പസുകളിൽ വളരുന്ന മനുഷ്യത്വ രഹിതമായ പ്രവണതകൾ തടയുന്നതിനാണ് കോടതി ഇടപെട്ട് റാഗിംഗ് നിരോധിച്ചത്. കേരളത്തിൽ ഈ നിയമം വരുന്നതിന് മുമ്പു തന്നെ മറ്റു പല സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച നിയമം നിലവിലുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും ആന്റി റാഗിംഗ് കമ്മിറ്റികൾ സജീവമാണ്. റാഗിംഗ് നടത്തുന്ന വിദ്യാർഥികളെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നതും നിയമ നടപടികളടക്കമുള്ള ശിക്ഷകൾക്ക് വിധേയമാക്കുന്നതും അവിടങ്ങളിൽ സാധാരണമാണ്.


കേരളത്തിലാകട്ടെ, റാഗിംഗിനെതിരായ സംവിധാനങ്ങൾ ഇപ്പോഴും ദുർബലമാണ്. ഇതിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനം ഫലപ്രദമല്ല. പല സ്ഥാപനങ്ങളിലും വർഷങ്ങളായി കമ്മിറ്റി യോഗം ചേരുകയോ സ്ഥിതിഗതികൾ വിലയിരുത്തുകയോ ചെയ്യാറില്ല. റാഗിംഗ് നടന്നതായി പരാതി ലഭിച്ചാൽ തന്നെ അത് മൂടിവെക്കുന്നതിനും നിയമ നടപടികൾ ഒഴിവാക്കുന്നതിനുമാണ് അധികൃതർ ശ്രമിക്കാറുള്ളത്. ഇതുമൂലം റാംഗിംഗ് സംഘങ്ങൾ സുരക്ഷിതരാകുന്നു. അവർ കാടത്തം ആവർത്തിക്കുകയും ചെയ്യും.
കാമ്പസുകളിലെ റാംഗിംഗ് തടയുന്നതിൽ വിദ്യാർഥി സംഘടനകൾക്കും ഗുണകരമായ പല കാര്യങ്ങളും ചെയ്യാനുണ്ട്. റാഗിംഗ് നടത്തുന്നവരെ കണ്ടെത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. വിദ്യാർഥികൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇത് നിർവഹിക്കാനാകും. കുറ്റവാളികളായ വിദ്യാർഥികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ആർജവം സ്ഥാപന മേധാവികളും കാണിക്കണം.


വിദ്യാർഥികളുടെ കലാലയ ഇടപെടലുകൾ കൂടുതൽ സർഗാത്മകവും സൗഹാർദപരവുമാകേണ്ടതുണ്ട്. നവാഗതരായ വിദ്യാർഥികളെ സ്വീകരിക്കേണ്ടത് അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചല്ല. മറിച്ച് അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും സമൂഹത്തെ അഭിമുഖീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും കൂടുതൽ വേദികൾ ഉണ്ടായി വരേണ്ടതുണ്ട്. രാജ്യത്തെ മികച്ച സർവകലാശാലകളിലേതു പോലെ കാമ്പസുകളിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സൊസൈറ്റികൾ അല്ലെങ്കിൽ ക്ലബ്ബുകൾ സജീവമാകണം. പരിസ്ഥിതി, ശാസ്ത്രം, കല, സാഹിത്യം, ഗണിതം, പരിസ്ഥിതി, സിനിമ തുടങ്ങി വിവിധ രംഗങ്ങളിൽ വിദ്യാർഥികളുടെ ഇടപെടലുകൾ സജീവമാക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയും. കേരളത്തിലെ കാമ്പസുകളിൽ പേരിന് മാത്രമായി പലയിടത്തും വിദ്യാർഥി ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിൽ വിദ്യാർഥികളുടെ, പ്രത്യേകിച്ച് നവാഗതരുടെ പങ്കാളിത്തം ഏറെ കുറവാണ്.


റാംഗിംഗിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി തന്നെ കാണേണ്ടതുണ്ട്. പീഡനങ്ങൾക്ക് വിധേയരാകുന്ന വിദ്യാർഥികൾ ഏത് രീതിയിൽ പ്രതികരിക്കുന്നുവെന്നതിന് അനുസരിച്ച് മാത്രമാണ് ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ ചർച്ചയാകുന്നതും അല്ലാതാകുന്നതും. പല നവാഗതരും റാഗിംഗിനോട് പ്രതികരിക്കുന്നത് പല രീതിയിലാണ്. ചിലർ പീഡനം സഹിച്ചും മുതിർന്ന വിദ്യാർഥികൾ പറയുന്നത് അനുസരിക്കും. മറ്റു ചിലർ കുപിതരായി പ്രതികരിക്കും. ഇത് സംഘർഷങ്ങളിലേക്ക് വഴിവെക്കും. റാംഗിംഗ് മൂലം അപമാന ഭാരത്താൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കുട്ടികളുമുണ്ട്.
കാമ്പസിൽ എല്ലാവരും തുല്യരാണെന്ന സന്ദേശം വേരുറയ്‌ക്കേണ്ടതുണ്ട്. പുതിയ വിദ്യാർഥികൾക്ക് വഴികാട്ടികളാകേണ്ടവരാണ് തങ്ങളെന്ന ബോധ്യം മുതിർന്ന വിദ്യാർഥികളിൽ വളരണം. ഇതിനുള്ള അന്തരീക്ഷമാണ് കാമ്പസുകൾ സ്വായത്തമാക്കേണ്ടത്. സാഹോദര്യത്തിന്റെ കാമ്പസുകൾ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേധാവികളും വിദ്യാർഥി സംഘടനകളും രക്ഷിതാക്കളും കൂട്ടായി പ്രവർത്തിക്കണം. കാമ്പസുകളെ റാഗിംഗ് മുക്തമാക്കുന്നതിൽ ഓരോ വിദ്യാർഥിക്കും അവരുടേതായ കടമകൾ നിർവഹിക്കാനുണ്ട്.  

Latest News