Sorry, you need to enable JavaScript to visit this website.
Thursday , May   26, 2022
Thursday , May   26, 2022

വിസ്മയ കാഴ്ചകളുമായി രാമോജി ഫിലിം സിറ്റി 

ഹൈദരാബാദിന്റെ ചരിത്ര സ്മൃതികളിലൂടെ-4 

ഹൈദരാബാദ് യാത്രയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണ് രാമോജി ഫിലിം സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ  രാമോജി ഫിലിം സിറ്റി വിസ്മയങ്ങളുടെ കലവറയാണ് സന്ദർശകർക്ക് മുമ്പിൽ തുറന്നുവെക്കുന്നത്.  ഏകദേശം 2000 ഏക്കർ വിശാലമായ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ  ഹയാത് നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാമോജി ഫിലിം സിറ്റി ചലച്ചിത്ര ഷൂട്ടിംഗിന് മാത്രമല്ല വിവാഹം, ഹണിമൂൺ, വിനോദ സഞ്ചാരം തുടങ്ങി വൈവിധ്യമാർന്ന പാക്കേജുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളെ നിത്യവും ആകർഷിച്ചുവരുന്നു. ചെറുപ്പക്കാരുടെയും സിനിമാ കമ്പക്കാരുടെയും ഡ്രീം ഡെസ്റ്റിനേഷനായ രാമോജി ഫിലിം സിറ്റി ഒരു ചലച്ചിത്രം രൂപപ്പെടുന്നതിന്റെ വിവിധ വശങ്ങളിലേക്ക്  വെളിച്ചം വീശുമെന്നുറപ്പാണ്. കൗതുകകരവും രസകരവുമായ സിനിമാജിക്കിന്റെ അതിരുകളില്ലാത്ത കാഴ്ചകളിലേക്ക് സ്വാഗതമോതിയാണ് രാമോജി ഫിലിം സിറ്റി സന്ദർശകരെ വരവേൽക്കുന്നത്.  
ഒരു പകൽ മുഴുവൻ ഓടിനടന്നു കണ്ടാലും, കണ്ടു തീർന്നില്ലല്ലോ എന്ന സങ്കടം ബാക്കിനിർത്തുന്ന ലോകമാണ് രാമോജി റാവു ഫിലിം സിറ്റി. ഹൈദരാബാദിൽനിന്ന് 35 കിലോമീറ്റർ യാത്ര ചെയ്ത് ഹയാത്  നഗറിനോട് അടുക്കുമ്പോഴേ ദൂരെനിന്നു കുന്നിൻ ചെരിവിൽ ഹോളിവുഡിനെ അനുസ്മരിപ്പിക്കും വിധം ചതുരവടിവിൽ രാമോജി ഫിലിം സിറ്റിയെന്ന വലിയ അക്ഷരങ്ങൾ തെളിഞ്ഞുകാണാം. 


രണ്ടായിരം ഏക്കറോളം വരുന്ന ഫിലിം സിറ്റി നടന്നു കാണാനിറങ്ങിയാൽ ചുറ്റിപ്പോകും. ഭംഗിയുള്ള ടൂർ ബസിൽ ഗൈഡിന്റെ ചിരിനുറുങ്ങുകൾ ആസ്വദിച്ചു ചുറ്റിക്കാണാം. താജ്മഹലും രാജസ്ഥാനി ശിൽപ ചാതുരിയുമൊക്കെ ഇനി ഉത്തരേന്ത്യയിൽ പോയി കാണേണ്ടെന്നാണ് ഗൈഡിന്റെ  അഭിപ്രായം. അത്ര കൃത്യമായി എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടത്രേ. സിനിമയ്ക്കു പിന്നിലെ തന്ത്രങ്ങൾ പറയുന്ന മൂവി മാജിക്, ബഹിരാകാശ യാത്രികരാക്കി മാറ്റുന്ന സ്പേസ് ജേർണി, സിനിമകളിലെ ഗുസ്തി രംഗങ്ങൾ ചിത്രീകരിക്കുന്ന സ്റ്റണ്ട് ഷോ എന്നിവയെല്ലാം കണ്ടു കഴിയുമ്പോഴേക്കും നേരം വൈകുന്നേരമാകും. വൈകുന്നേരങ്ങളിലാണ് നൃത്തനൃത്യങ്ങളും സാംസ്‌കാരിക പരിപാടികളും സമന്വയിപ്പിക്കുന്ന സ്റ്റേജ് ഷോകൾ അരങ്ങേറുക. രാത്രി 7 മണിയോടെ സന്ദർശകരെയും കൊണ്ട് ബസുകൾ തിരിച്ചുപോകാനൊരുങ്ങും. രാമോജിയോട് യാത്ര പറയുമ്പോൾ ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ക്ലൈമാക്സ് കണ്ടിറങ്ങിയ ഫീൽ. ഇനിയും വരണമെന്ന മോഹവുമായാണ് മിക്ക സന്ദർശകരും രാമോജിയോട് വിട പറയാറുള്ളത്. സിനിമയുടെ മായിക  ലോകത്തേക്ക് കടന്നുചെല്ലുന്നതിനുള്ള അസുലഭ മുഹൂർത്തമാണ് രാമോജി ഫിലിം സിറ്റി സമ്മാനിക്കുന്നത്. വിനോദത്തിന്റെയും ആനന്ദത്തിന്റെയും മാസ്മരിക ലോകത്തെ  അനുഭവിച്ചറിയാനും ആഘോഷിക്കാനുമുള്ള സൗകര്യങ്ങളൊരുക്കിയാണ് ഈ നഗരം ഓരോ സന്ദർശകനെയും പ്രത്യേകം പരിഗണിക്കുന്നത്.


രാമോജി ഗ്രൂപ്പിന്റെ തലവനും ചലച്ചിത്ര നിർമാതാവുമായ രാമോജി റാവുവാണ് ഇങ്ങനെ ഒരു സൗകര്യം 1996 ൽ ഒരുക്കുന്നത്. രാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീനത്തിന്റെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരകമായത്. ഉഷാ കിരൺ മൂവിസ് എന്ന ചലച്ചിത്ര കമ്പനി ഏകദേശം 80 ഓളം ചലച്ചിത്രങ്ങൾ, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിർമിച്ചിട്ടുണ്ട്. 
പ്രശസ്ത സിനിമാ നിർമാതാവായ രാമോജി റാവു രണ്ടായിരം ഏക്കർ സ്ഥലത്ത് സങ്കൽപിച്ച ഈ അപൂർവ ലോകം ഹോളിവുഡിനോട് കിടപിടിക്കുന്നതാണ്. രാമോജിയിൽ ഔട്ട് ഡോർ പോലും കൃത്രിമമായി നിർമിച്ചിരിക്കുന്നതിനാൽ ചിത്രത്തിന് പൂർണത ലഭിക്കും. സൈറ്റിട്ട് ചെയ്തതാണെന്ന് തിരിച്ചറിയാനാവാത്ത വിധം ഒറിജിനൽ ഭാവങ്ങളാണ് രാമോജിയിലെ സൈറ്റുകൾ സമ്മാനിക്കുന്നത്.  സിനിമാ നിർമാതാവ് എന്ന നിലയിൽ ഷൂട്ടിംഗിനിടയിൽ നൂറു കാര്യങ്ങൾക്കായുള്ള ഓട്ടവും ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കുള്ള പറിച്ചുനടലും വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നുവെന്ന ചിന്തയിൽ നിന്നാണ് സിനിമക്കാർക്ക് എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ വരുന്ന നഗര സൃഷ്ടിപ്പിനെ കുറിച്ച് ആലോചിച്ചത്. 1996 ൽ സിനിമക്കാർക്ക് വേണ്ടി അതിഗംഭീരമായ ഒരു സാങ്കൽപിക നഗരം ഇവിടെ ഒരുങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റി എന്ന അംഗീകാരത്തോടെ വിവിധ ദേശക്കാരും ഭാഷക്കാരുമായി എത്രയോ ചിത്രങ്ങളാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. 


ചലച്ചിത്ര നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന തന്മയത്വമുള്ള കാഴ്ചകളും സംവിധാനങ്ങളും തന്നെയാണ് രാമോജി ഫിലിം സിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെ തന്നെ ഓൺ ലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ സന്ദർശനം കൂടുതൽ എളുപ്പമാകും. രാവിലെ മുതൽ വൈകുന്നേരം വരെ കണ്ണിനും കരളിനും കുളിരു പകരുന്ന കാഴ്ചകളാണ് രാമോജി ഫിലിം സിറ്റി ഒരുക്കുന്നത്. ഏത് പ്രായത്തിൽപെട്ട സന്ദർശകരെയും ആകർഷിക്കാൻ പോന്ന ധന്യമായ വിഭവങ്ങളും പശ്ചാത്തലവും ഈ ഫിലിം സിറ്റിയെ വ്യതിരിക്തമാക്കുന്നു. 
പ്രകൃതിയുടെ മികച്ച പരിസരവും സാങ്കേതിക തികവോടെയുള്ള നിർമിതികളും നൂതന അനുഭവം സമ്മാനിക്കുന്ന ആകർഷക കാഴ്ചകളാണ്  രാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. 
സിനിമാ ലൊക്കേഷനുകൾ, സ്റ്റണ്ട് ഷോകൾ, ലണ്ടൻ വീഥികൾ, താജ്മഹൽ, മുഗൾ ഗാർഡൻ, സാഹസിക വിനോദങ്ങൾ തുടങ്ങി രാജ്യത്തെയും വിദേശത്തെയും പ്രധാന കേന്ദ്രങ്ങൾ പുനഃസൃഷ്ടിക്കുന്നതിലൂടെ ഓർമയുടെ ഓരങ്ങളിലേക്ക് പല കാഴ്ചകളും തിരിച്ചുകൊണ്ടുവരാനാകുന്നു. ഓരോ തെരുവിലൂടെ നീങ്ങുമ്പോഴും അവിടങ്ങളിൽ ഷൂട്ട് ചെയ്ത വിവിധ സിനിമകളിലെ രംഗങ്ങളെക്കുറിച്ച് ഗൈഡ് വാചാലനാകുന്നുണ്ടായിരുന്നു.


മലയാളത്തിന്റെ പ്രിയ നടന്മാരായ മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ഉദയനാണ് താരം എന്ന ചിത്രത്തോടെയാകാം മലയാളികൾ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് കൂടുതലായി കേൾക്കാൻ തുടങ്ങിയത്. ഉദയനാണ് താരത്തിലെ വളരെ മനോഹരമായ പല സീനുകളും ഇവിടെയാണ് ഷൂട്ട് ചെയ്തത്.  രാമോജി ഫിലിം സിറ്റിയെക്കുറിച്ച ലാലേട്ടൻ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് രാമോജി ഫിലിം സിറ്റി. സിനിമയുടെ മായാനഗരിയിലൂടെ കടന്നുപോകുമ്പോൾ മനസ്സിൽ നൂറായിരം ചിത്രങ്ങളും രംഗങ്ങളും ഇതൾ വിരിയും. ഒരിക്കൽ കൂടി ഞാൻ 'രാമോജി ഫിലിം സിറ്റി'യിൽ എത്തിയിരിക്കുന്നു. 'ശിക്കാർ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ വരവ്. ഇതിന് മുൻപ് എത്ര തവണ ഇവിടെ വന്നു എന്ന കാര്യം കൃത്യമായി ഓർക്കാൻ സാധിക്കുന്നില്ല. 'ഉദയനാണ് താരവും 'ഉന്നൈപ്പോൽ ഒരുവ'നുമടക്കം എത്രയോ സിനിമകൾ. ഓരോന്നും സവിശേഷമായ ഓരോ അനുഭവങ്ങൾ. ഒരേ സ്ഥലത്താണെങ്കിലും ഓരോ തവണയും ഓരോ കാഴ്ചകൾ മാറിമാറി മേക്കപ്പണിഞ്ഞ് പുത്തൻ ഉടുപ്പണിഞ്ഞ് പുതിയ ഭാവങ്ങളുമായി വരുന്ന സുന്ദരിയെ പോലെ രാമോജി. ഈ വേഷപ്പകർച്ചകളാണ് രാമോജിയിലെ നിത്യസന്ദർശകന് എപ്പോഴും വിസ്മയമാകുന്നത്.


മുപ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടെ വ്യത്യസ്തവും കടകവിരുദ്ധവുമായ ഒട്ടേറെ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. കാട്ടിൽ, കടൽ മധ്യത്തിൽ, തടാകത്തിൽ, ഹിമാലയത്തിൽ, യുദ്ധഭൂമിയിൽ, ഫുട്ബോൾ മൈതാനത്തിൽ, ജയിലിൽ, ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം. എന്നാൽ രാമോജിയെപ്പോലെ മറ്റൊരിടമില്ല. ഇവിടത്തെ രാത്രികളും പകലുകളും പ്രഭാതങ്ങളും മറ്റേതിടത്തേക്കാളും വ്യത്യസ്തമാണ്. മായക്കാഴ്ചകളുടെ പുരിയാണ് രാമോജി. മഹാഭാരതത്തെപ്പറ്റി പറയാറുണ്ട് 'ഇതിലുള്ളത് മറ്റു പലയിടത്തും കണ്ടേക്കാം. ഇതില്ലില്ലാത്തത് മറ്റൊരിടത്തും കണ്ടെന്നും വരില്ല'. രാമോജിയെക്കുറിച്ചു ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ്.
ഇവിടെ പൂന്തോട്ടങ്ങളിലൂടെ നടന്നറ നടന്ന് പോയി നിങ്ങൾ എത്തിച്ചേരുന്നത് മുഗൾ കാലഘട്ടത്തിലായിരിക്കും. കൊട്ടാരങ്ങളും അന്തപ്പുരങ്ങളും സ്നാന ഗൃഹങ്ങളും തിളങ്ങുന്ന മിനാരങ്ങളും. നോക്കിയാൽ കാണുന്ന ദൂരത്ത് താജ്മഹലുണ്ട്. അതിന് മുന്നിൽ നിന്ന് നായികക്കും നായകനും ചരിത്രകാലത്തിന്റെ ഓർരയിൽ പാടാം ആടാം. അവിടെ നിന്നും നടന്നു പോയി എല്ലാം തികഞ്ഞ റെയിൽവേ സ്റ്റേഷനിലെത്താം, വിമാനത്താവളം കാണാം, പോസ്റ്റ് ഓഫീസിൽ ചെന്ന് കത്ത് പോസ്റ്റ് ചെയ്യാം, ആശുപത്രിയിൽ പോയി മരുന്നിന്റെ ഗന്ധം ശ്വസിക്കാം, പള്ളിയിലോ ക്ഷേത്രത്തിലോ പോയി പ്രാർത്ഥിക്കാം, ഷോപ്പിങ് നടത്താം, വെള്ളച്ചാട്ടങ്ങൾ കാണാം, ഊട്ടിയിലെ പുൽപരപ്പിലൂടെ നടക്കാം. എല്ലാം ഇവിടെയുണ്ട്. വഴി തെറ്റാതെ നടന്നോ പ്രത്യേക വാഹനത്തിൽ കയറിയോ കണ്ടുതീരുമ്പോൾ യാഥാർഥ്യമേത് അനുകരണമേത് എന്ന് തിട്ടപ്പെടുത്താൻ സാധിക്കാതെ വിസ്മയിച്ചു പോകും.
രാമോജി ഫിലിം സിറ്റി കാഴ്ചക്കാരന് സമ്മാനിക്കുന്ന ദൃശ്യവിസ്മയങ്ങളുടെ ആകത്തുകയാണ് ലാലേട്ടന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. രാമോജി ഫിലിം സിറ്റിക്കുള്ളിൽ നല്ല ഹോട്ടലുകളിൽ താമസ സൗകര്യമുണ്ട്. പല നടീനടന്മാരും ഷൂട്ടിംഗിന് വരുമ്പോൾ ഈ ഹോട്ടലുകളിലാണ് താമസിക്കാറുള്ളത്. നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ മനോഹാരിതയും നുകർന്ന് സ്വസ്ഥമായി താമസിക്കാമെന്നതാണ് ഇവിടുത്തെ ഹോട്ടലുകളുടെ പ്രത്യേകത. 


ഹോട്ടലിന്റെ മുകളിൽ നിന്നാൽ ഫിലിം സിറ്റിയുടെ അത്ഭുതകരമായ ആകാശക്കാഴ്ച. അവിടെ ഷൂട്ടിംഗുകൾ നടക്കുന്നുണ്ടാകും. ഒരിടത്ത് മഴ നനഞ്ഞ് അടിപാടുന്ന നായികയും നായകനും മറ്റൊരിടത്ത് അണിഞ്ഞൊരുങ്ങിയ മുഗൾ കാലം, അതിനുമപ്പുറം ചേരിയിൽ ഒരു കടുത്ത സംഘട്ടനം. ഇങ്ങനെ ചലച്ചിത്രത്തിന്റെ സജീവമായ നിരവധി ഫ്രെയിമുകളാൽ ധന്യമായ രാമോജിയിലെ താമസം എന്തുകൊണ്ടും നിസ്തുലമാകും. മറ്റെവിടെയും ഇത്തരത്തിലുള്ള കാഴ്ചയുടെ സങ്കലനം സാധ്യമായെന്ന് വരില്ല. രാമോജിയിൽ കടന്നാൽ സ്ഥലവും കാലവുമെല്ലാം ഒറ്റയടിക്ക് കീഴ്മേൽ മറിയും. ഇതാണ് ഈ നഗരിയുടെ മായികത.
ഓർഡിനറി ടിക്കറ്റും പ്രീമിയം ടിക്കറ്റും ലഭ്യമാണ്. ചില ടിക്കറ്റുകളിൽ ഉച്ച ഭക്ഷണവും സ്‌നാക്‌സുകളും അടങ്ങിയിരിക്കും.  രാവിലെ 11 മണിയോടെ സന്ദർശനം ആരംഭിക്കും. ലക്ഷുറി ബസിലാണ് യാത്ര.  ബസിന്റെ ഇരു സൈഡിലുമായി മനോഹരങ്ങളായ ഗാർഡനുകളും പൂന്തോട്ടങ്ങളും. എല്ലാം ഷൂട്ടിങ് ലൊക്കേഷനുകളാണ്. ദൽഹിയിലെ മുഗൾ ഗാർഡന്റെ  അതേ പടി നിർമിച്ചു വെച്ചിരിക്കുന്നത് കാണാം. ഏതാണ് ഒറിജിനല്ലെന്ന് തിരിച്ചറിയാനാവാത്ത വിധം കൃത്യമായാണ് ഓരോന്നും സംവിധാനിച്ചിരിക്കുന്നത്. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ, ലണ്ടനിലെ വീഥികൾ, റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം തുടങ്ങി സിനിമയിൽ ആവശ്യമുള്ള എല്ലാം  ഇവിടെ റെഡിയാണ്. സെൻട്രൽ ജയിലും പോലീസ് സ്റ്റേഷനും പെട്രോൾ പമ്പുമെല്ലാം ഒറിജിലിനെ കടത്തി വെട്ടുന്ന രീതിയിലാണ് പണിതീർത്തിരിക്കുന്നത്. 
വൈവിധ്യമാർന്ന ചിത്രശലഭങ്ങളും പക്ഷികളുമൊക്കെ പ്രകൃതിയുടെ മടിത്തട്ടിൽ വളരുന്ന ബട്ടർ ഫ്‌ളൈ പാർക്കും ബേർഡ് പാർക്കും ഏറെ മനോഹരമാണ്. വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള പക്ഷികളും പൂമ്പാറ്റകളെ നമ്മിൽ കൗതുകമുണർത്താതിരിക്കില്ല. ബാഹുബലി ഷൂട്ട് ചെയ്ത ലൊക്കേഷനാണ് മറ്റൊരു പ്രധാന ആകർഷണം. ബാഹു ബലിയുടെ ഒട്ടുമിക്ക സെറ്റുകളെല്ലാം ഇവിടെ തന്നെയുണ്ട്. ബാഹുബലിയും ദേവസേനയും കട്ടപ്പയും പൽവൽ ദേവയും ശിവഗാമിയുമൊക്കെ ഗരിമയോടെ തലയുയർത്തി നിൽക്കുന്നത് സന്ദർശകരെ വല്ലാതെ മോഹിപ്പിക്കും. അവരോടൊപ്പം ഫോട്ടോകളെടുത്തും വീഡിയോ ചെയ്തുമൊക്കെ ആരാധകർ ആനന്ദം കൊള്ളുന്നു.  


സ്റ്റണ്ട് ഷോയായിരുന്നു പ്രധാനപ്പെട്ട മറ്റൊരു കാഴ്ച. സാഹസികതയും തമാശയും നിറഞ്ഞ ഷോ. സിനിമയിലെ യഥാർത്ഥ സംഘട്ടനം ഒരു ചെറുകഥയിലൂടെ 15 മിനിറ്റ് കൊണ്ട് ഇവിടെ അവർ വരച്ച് കാണിച്ചു തന്നു. ബോംബും തോക്കും വെടിയുണ്ടകളും എല്ലാം പൊട്ടിത്തെറിക്കുന്നതും എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഉഗ്രൻ പ്രകടനം. തുടർന്ന് സിനി മാജിക്കായിരുന്നു. സിനിമാ ചിത്രീകരണവും  സൗണ്ട് മിക്‌സിംഗുമൊക്കെ എങ്ങനെയെന്ന് പ്രായോഗികമായി പരിചയപ്പെടുത്തുന്ന സെഷനുകൾ ഏറെ പ്രയോജനകരമായി തോന്നി. ഒടുവിൽ രാമോജിയുടെ സവിശേഷ സൈറ്റുകളെ കൃത്രിമമായൊരുക്കിയ മായാക്കാഴ്ചകൾ ട്രെയിനിലൂടെ ചുറ്റി കാണുമ്പോഴേക്കും നേരം സന്ധ്യയോടടുക്കും. കുട്ടികൾക്ക് ആസ്വദിക്കാവുന്ന നിരവധി റൈഡുകളും രാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.  ലോക ചരിത്രത്തിൽ ഇടംപിടിച്ച ഈ സിനിമാ ലൊക്കേഷൻ ശരിക്കും ഒരു അദ്ഭുതമാണ്. കണ്ട കാഴ്ചകൾ മനോഹരം, കാണാരിക്കുന്നവ അതിമനോഹരം എന്നു പറയേണ്ടി വരും. ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ പറ്റുന്നതല്ല രാമോജി ഫിലിം സിറ്റി എന്ന തിരിച്ചറിവോടെ വീണ്ടുമൊരിക്കൽ കാണാനാഗ്രഹിച്ചാണ് എല്ലാവരും ഈ നഗരത്തോട് വിട പറയുക. ലാലേട്ടന്റെ വാക്കുകൾ കടമെടുത്ത് പറയട്ടെ, ഹൈദരാബാദിൽ വരുന്നവരെല്ലാം രാമോജി ഫിലിം സിറ്റി കൂടി കാണണം. ചാർമിനാർ പോലെ ഗോൽകൊണ്ട കോട്ട പോലെ, സാലർജങ് മ്യൂസിയം പോലെ. ഇതുകൂടി കണ്ടാലേ നൈസാമിന്റെ സാമ്രാജ്യം പൂർണമാകൂ. പുതിയ കാലത്തിന്റെ ഈ അത്ഭുതം അതിന്റെ കിരീടത്തിലെ അപൂർവമായ രത്നക്കല്ലാണ്. 

(അവസാനിച്ചു) 


 
 


 
 

Latest News