രാജന്‍പിള്ളയുടെ ജീവിതം ഹിന്ദിയില്‍ വെബ് സീരീസാക്കാനൊരുങ്ങി പൃഥ്വിരാജ്

കൊച്ചി- നടന്‍ പൃഥ്വിരാജ് സിനിമക്കു പിന്നാലെ വെബ് സീരീസും സംവിധാനം ചെയ്യുന്നു. ബിസ്‌കറ്റ് കിംഗ് എന്നറിയപ്പെട്ടിരുന്ന വ്യവസായി രാജന്‍ പിള്ളയുടെ ജീവിതമാണ് ഹിന്ദിയില്‍ വെബ് സീരീസ് ആക്കുന്നത്. സീരീസില്‍ രാജന്‍ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്.

മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെട്ട രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും അന്വേഷണങ്ങളുമാണ് സീരീസില്‍ വിഷയം.
യൂദ്‌ലി ഫിലിംസ് ആണ് രാജന്‍ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ഏത് ഒടിടി പ്ലാറ്റ്‌ഫോമിലായിരിക്കുമെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ബ്രോ ഡാഡിയാണ് പൃഥ്വിരാജ് അവസാനമായി സംവിധാനം ചെയ്തത്. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് ബിബിനാണ് തിരിക്കഥ.

 

Latest News