സിനിമ കണ്ട് മടങ്ങിയ യുവാവിന്റെ 40,000 രൂപ തട്ടി, യുവതിയെ പീഡിപ്പിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍

ചെന്നൈ- സിനിമക്ക് പോയി മടങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും യുവാവില്‍നിന്ന് 40,000 രൂപ തട്ടിയെടുക്കുകയും ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.
തിലഗര്‍ തിഡല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ മുരുകനാണ് അറസ്റ്റിലായത്. തൊഴിലുടമയായ യുവാവിനോടൊപ്പം ബൈക്കില്‍ മടങ്ങിയ 28 കാരിയെയാണ് ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തത്.

സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരേയും രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍  തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ഇരുവരും വിവാഹിതരല്ലെന്ന നിഗമനത്തിലെത്തി.

തുടര്‍ന്ന് ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി തൊഴിലുടമയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കി. ഇത് ഉപയോഗിച്ച് 40,000 രൂപ പിന്‍വലിച്ച ശേഷം യുവാവിനോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു. യുവതിയെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഓട്ടോയില്‍ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

സംഭവത്തെ കുറിച്ച് തൊഴിലുടമ അറിഞ്ഞതോടെ യുവതിയോടൊപ്പം സിറ്റി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സൗത്ത വനിതാ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റിലായ കോണ്‍സ്റ്റബിളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News