ന്യൂദല്‍ഹി- ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ അതീവ ജാഗ്രത തുടരുകയാണ് രാജ്യം. ഉത്തരാഖണ്ഡില്‍ വിദേശത്ത് നിന്ന് എത്തിയ പതിനാല് പേരെ നിരീക്ഷണത്തിലാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഇവരില്‍ ആറ് പേര്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനക്കയച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു
14 പേരെ 14 ദിവസത്തേക്ക് ഹോം ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. അതേസമയം ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍ രംഗത്തുവന്നു.
കര്‍ണാടകയിലെ ധര്‍വാഡിലെ മെഡിക്കല്‍ കോളേജ് കോവിഡ് ക്ലസ്റ്ററായി മാറിയിരുന്നു. ഇവിടെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 182 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷം കര്‍ണാടകയില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, അക്കാദമിക് ഇവന്റുകള്‍ തുടങ്ങി എല്ലാ സാമൂഹിക സാംസ്‌കാരിക പരിപാടികളും രണ്ട് മാസത്തേക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.