കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു,ഒരാൾക്കു പരിക്ക്

രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

കൽപറ്റ-വയലിൽ കാട്ടുപന്നിയെ തുരത്തുന്നതിനിടെ  യുവാവ്  വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് പരിക്ക്. കോട്ടത്തറ മെച്ചന ചുണ്ടങ്ങോട്ട് കുറിച്യ കോളനിയിലെ ജയനാണ് (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാരോണിനെ (27) 
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.  നാലു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്നവരാണ് വെടിയേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. 
കോളനിയിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരോടൊപ്പമാണ് ഇവര്‍ വയലില്‍ പോയത്. വെടിയേറ്റ ഇരുവരേയും കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അപ്പോഴേക്കും ജയൻ മരിച്ചു. ജയന്റെ കഴുത്തിനാണ് വെടിയേറ്റത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
നായാട്ടിനിടെ  അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്ന സംശയവും ഉണ്ട്. ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലാണ്.ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.

Latest News