ദളിതരുടെ കുഴിമാടം മാന്തി വഴിവെട്ടി; സൂറത്തില്‍ രജപുത് കര്‍ഷകരടക്കം 3 പേര്‍ അറസ്റ്റില്‍

സൂറത്- ഗുജറാത്തിലെ സൂറത് ജില്ലയിലെ കണ്ഡ്‌വയില്‍ ദളിത സമുദായത്തിന്റെ ശ്മശാനത്തിലെ കുഴിമാടങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച് വഴിവെട്ടിയ സംഭവത്തില്‍ രണ്ട് രജപുത് കര്‍ഷകരും ജെസിബി ഡ്രൈവറും അറസ്റ്റിലായി. ദളിതരായ മഹ്യവന്‍ശി സമുദായത്തിന്റെ ശ്മശാനത്തിനു സമീപത്തെ കൃഷിഭൂമിയുടെ ഉടമസ്ഥരായ സന്ദീപ്‌സിന്‍ഹ് ജാദവ്, ഭുപേന്ദ്രസിന്‍ഹ് ഘദ്ര എന്നിവരും ഇവരുടെ നിര്‍ദേശ പ്രകാരം കുഴിമാടം മാന്തിയ ഡ്രൈവര്‍ ഹിര ഭര്‍വാഡുമാണ് പിടിയിലായത്. തങ്ങളുടെ കൃഷി ഭൂമിയിലെത്താന്‍ വഴിചുറ്റി വളരെ ദൂരം സഞ്ചരിക്കേണ്ടത് ഒഴിവാക്കാനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ ശ്മശാനത്തിലൂടെ പുതിയ വഴിവെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ ദളിത സമുദായംഗങ്ങളും നേതാക്കളും സ്ഥലത്തെത്തി ഇവരെ തടയാന്‍ ശ്രമിച്ചു. സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. 

പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 100 മീറ്റര്‍ ദൂരത്തില്‍ രണ്ട അടി ആഴത്തിലും 20 അടി വീതിയിലും ശ്മശാനത്തിലൂടെ മണ്ണു മാന്തി വഴിവെട്ടിയതായി കണ്ടെത്തി. ദളിത് സമുദായത്തിന്റെ പരാതിയില്‍ കേസ് രജിസറ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂറത് സെന്‍ട്രല്‍ ജയിലിലടച്ചു.

ഗ്രാമ പഞ്ചായത്താണ് ഈ ഭുമി ദളിത് സമുദായത്തിന് ശ്മശാനമായി അനുവദിച്ചത്. ഇവര്‍ ഇത് ആദ്യമായല്ല കുഴിമാടങ്ങള്‍ കുഴിച്ച് വഴിവെട്ടാന്‍ ശ്രമിക്കുന്നത്. 2008, 2012, 2015, 2019 വര്‍ഷങ്ങളിലും ഈ ശ്രമം നടന്നിട്ടുണ്ട്. അന്നെല്ലാം ഗ്രാമ മുഖ്യന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്തത്. പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പക്ഷേ അവര്‍ ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇത് അവസാനിപ്പിക്കാനാണ് ഇത്തവണ പോലീസിനെ സമീപിച്ചതെന്നും പരാതി നല്‍കിയ ലക്ഷ്മണ്‍ പാര്‍മര്‍ പറഞ്ഞു.

Latest News