Sorry, you need to enable JavaScript to visit this website.

ഭർത്താവിനെ ഉപേക്ഷിച്ച് 6 മക്കളുടെ അമ്മ 14കാരനുമായി ഒളിച്ചോടി; ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പോലീസ്

ഗാന്ധിനഗര്‍- ഗുജറാത്തിലെ ദഹോഡ് ജില്ലയില്‍ ആറു മക്കളുടെ അമ്മയായ 40കാരി 14 വസസ്സ് മാത്രം പ്രായമായ ആണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന് കുട്ടിയുടെ ബന്ധുക്കളുടെ പരാതി. ഭര്‍ത്താവിനേയും ആറു മക്കളേയും ഉപേക്ഷിച്ചാണ് യുവതി മുങ്ങിയത്. ഗാന്ധിനഗറില്‍ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയുമായി യുവതി പ്രണയത്തിലായതെന്ന് പറയപ്പെടുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്‌സോ പ്രകാരം യുവതിക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ടോ എന്ന് ഉറപ്പിക്കാനായി കുട്ടിയുടെ വയസ്സ് തെൡയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബന്ധുക്കളോട് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ദഹോഡി ജ്ില്ലയിലെ ഫതേപുര താലൂക്കിലെ അംലിഖേഡ സ്വദേശികളാണ് കുട്ടിയുടെ കുടുംബം. ഇതേ താലൂക്കിലെ സഗ്രപാഡയാണ് യുവതിയുടെ ഭര്‍ത്താവിന്റെ സ്വദേശം. ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്നും ഇപ്പോഴാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു. യുവതി തങ്ങളുടെ 14 വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് പരാതി. ബന്ധുക്കള്‍ പോലീസിനു നല്‍കിയ കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ ജനന വര്‍ഷം 2007 ആണ്. ഈ രേഖ വച്ചാണ് കുട്ടി 14കാരനാണെന്ന് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ അച്ഛനുമായുള്ള സംഭാഷണത്തില്‍ ജനന വര്‍ഷം 1997 ആണെന്നും പോലീസിന് സൂചന ലഭിച്ചു. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇതു സ്ഥിരീകരിച്ച ശേഷമെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ- സബ് ഇന്‍സ്‌പെക്ടര്‍ എന്‍ പി ഷെലോട്ട് പറഞ്ഞു. 

തുടക്കത്തില്‍ ഇരു കുടുംബങ്ങളും തമ്മില്‍ പണം വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതു പരാജയപ്പെട്ടപ്പോഴാണ് കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് ഒളിച്ചോട്ട കേസുകള്‍ കുടുംബങ്ങള്‍ ഇങ്ങനെയാണ് ഒത്തു തീര്‍പ്പാക്കുന്നത്. ഇരു വിഭാഗവും സത്യം വെളിപ്പെടുത്തുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസ്സിലായതെന്നും എവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. 

കുട്ടി തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് ഒളിച്ചോടിയെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവും കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരേയും കണ്ടെത്തുകയും തിരിച്ചു കൊണ്ടു വന്ന് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദഹോഡിലേക്കു വരുന്നതിനിടെ ഇരുവരും സന്ത്രംപൂരില്‍ നിന്ന് മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Latest News