Sorry, you need to enable JavaScript to visit this website.

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷകര്‍ കുറവ്, കാരണം തേടി സുപ്രീം കോടതി

ന്യൂദല്‍ഹി- കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ച് വ്യാപകമായ പ്രചാരം നല്‍കാതിരുന്നതാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കണമെന്ന് കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നിതിനും വിതരണം ചെയ്യുന്നതിനും രാജ്യവ്യാകമായി ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

ഗുജറാത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തില്‍ ഇതിനായി പ്രത്യേകം ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ രൂപീകരിച്ച കാര്യം ജസ്റ്റിസ് എം.ആര്‍ ഷാ, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായത്തിന് നേരിട്ട് ജില്ലാ കേന്ദ്രങ്ങളിലും മറ്റും സാധാരണക്കാര്‍ കയറിയിറങ്ങേണ്ടി വരുമ്പോള്‍ ഇടനിലക്കാര്‍ ചൂഷണം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കുന്നതിനും ബന്ധപ്പെട്ട രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചാല്‍ ജില്ലാ കേന്ദ്രങ്ങളില്‍ നീണ്ട ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

താഴെ പറയുന്ന കാര്യങ്ങളില്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദുരന്ത നിവാരണ അഥോറിറ്റിക്കും വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു.
    * നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയോ.
    * നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍.
    * ഓദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ കണക്ക്.
    * ഇതു വരെ ലഭിച്ച അപേക്ഷകളുടെ എണ്ണം.
    * നഷ്ടപരിഹാരം നല്‍കിയ ആളുകളുടെ എണ്ണം.
    * എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിച്ചോ.
    * നഷ്ടപരിഹാര പദ്ധതിയെക്കുറിച്ചും എവിടെയാണ് അപേക്ഷ നല്‍കേണ്ടത് എന്നതിനെക്കുറിച്ചും വ്യാപക പ്രചാരം നല്‍കിയോ.
    * നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ടോ.
    ഇത്രയും വിവരങ്ങളില്‍ ഡിസംബര്‍ ആറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

 

Latest News