യു.പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും ഭാര്യയേയും കഴുത്തറുത്ത് കൊലപ്പെടുത്തി

അസംഗഡ്- ഉത്തര്‍പ്രദേശില്‍ ദളിത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഭാര്യയെയും  കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.അസംഗഡ് ഗ്രാമത്തിലെ വീട്ടിലാണ് സംഭവം.
മൗ ജില്ലയിലെ കണ്‍സോളിഡേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ (റവന്യൂ റെക്കോര്‍ഡ് കീപ്പര്‍) ആയി ജോലി ചെയ്യുന്ന നാഗിന (55), ഭാര്യ ദേവി (52) എന്നിവരെയാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.   ജില്ലയിലെ തര്‍വാന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് അസംഗഡ് പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.
ഞായറാഴ്ച രാത്രി അക്രമികള്‍ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ക്രൂരമായ കൊല നടത്തിയത്.
അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് പോലീസ് സ്ഥലത്തെത്തിയത്.  
പ്രയാഗ്‌രാജ് ജില്ലയില്‍ പട്ടികജാതി കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് അസംഗഡ് ജില്ലയിലെ ദളിത് ദമ്പതികളുടെ കൊലപാതകം.
ദളിത് ദമ്പതികളുടെ കൊലപാതകത്തില്‍ യു.പി സര്‍ക്കാരിനേയും പോലീസിനേയും ബിഎസ്പി അധ്യക്ഷ മായാവതി നിശിതമായി വിമര്‍ശിച്ചു.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.
പ്രയാഗ്‌രാജ് കൊലപാതകത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അസംഗഡ് ജില്ലയില്‍ ദളിത് ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് മായാവതി പറഞ്ഞു.
ദളിതര്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം- ബിഎസ്പി അധ്യക്ഷ ട്വീറ്റ് ചെയ്തു.

 

Latest News