Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ പുതിയ വകഭേദം ആഗോള ഓഹരി ഇൻഡക്‌സുകളെ പിടിച്ചുലച്ചു

വിദേശ ഫണ്ടുകളുടെ മത്സരിച്ചുള്ള വിൽപ്പന ഇന്ത്യൻ മാർക്കറ്റിനെ പിടിച്ച് ഉലച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ഭീതി ആഗോള ഓഹരി ഇൻഡക്‌സുകളെയും പിടിച്ച് ഉലച്ചു. ബോംബെ സെൻസെക്‌സ് 2528 പോയിന്റും നിഫ്റ്റി 738 പോയിന്റും ഇടിഞ്ഞു. സൂചികകൾക്ക് നാല് ശതമാനം പ്രതിവാര തളർച്ച, പത്ത് മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര നഷ്ടമാണിത്. 
വാരാരംഭം മുതൽ കരടികൾ വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയത് കണ്ട് വൻകിട ബുൾ ഓപ്പറേറ്റർമാർ കരുതലോടെയാണ് ഓരോ നീക്കവും നടത്തിയത്. മുൻനിര രണ്ടാം നിര ഓഹരികളിൽ ലാഭമെടുപ്പിന് പ്രാദേശിക നിക്ഷേപകരും ഉത്സാഹിച്ചു. 


മുൻനിര ഓഹരികളായ മാരുതി, ടാറ്റാ മോട്ടേഴ്‌സ്, എം ആന്റ് എം എസ് ബി ഐ, ഇൻഡസ് ബാങ്ക്, എച്ച് ഡിഎഫ് സി, ഐ സി ഐ സി ഐ ബാങ്ക്, എൽ ആന്റ് റ്റി, വിപ്രോ, റ്റി സി എസ്, സൺ ഫാർമ്മ, എച്ച് യു എൽ, ആർ ഐ എൽ തുടങ്ങിയവക്ക് തിരിച്ചടി. 
രണ്ടാഴ്ചയായി കരടി കൂട്ടങ്ങൾ രംഗത്ത് വട്ടമിട്ട് കറങ്ങാൻ തുടങ്ങിയിട്ട്. മാസമധ്യം വ്യക്തമാക്കിയതാണ് നിഫ്റ്റിക്ക് 18,230 പോയിന്റിൽ ശക്തമായ പ്രതിരോധം നേരിടുമെന്ന്. പോയവാരം നിഫ്റ്റി 17,764 ൽ നിന്ന് 17,796 വരെ കയറിയവേളയിൽ വിൽപന സമ്മർദ്ദത്തിൽ 16,985 ലേക്ക് ഇടിഞ്ഞതെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 17,026 പോയിന്റിലാണ്. ഈ വാരം സൂചിക 16,742 സപ്പോർട്ട് നിലനിർത്തി 17,553 ലേക്ക് തിരിച്ചു വരവിന് മുതിരാമെങ്കിലും ആ നീക്കം പരാജയപ്പെട്ടാൽ തിരുത്തൽ 16,458 ലേക്ക് നീളാം. നവംബർ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായും സൂചികയിൽ വൻ ചാഞ്ചാട്ടമുണ്ടായി. 


ബോംബെ സെൻസെക്‌സ് വാരത്തിന്റെ തുടക്കത്തിൽ 59,636 പോയിന്റിൽനിന്ന് 59,710   വരെ കയറി. ഈ അവസരത്തിലാണ് വിദേശ ഫണ്ടുകൾ വിൽപ്പനക്ക് തിടുക്കം കാണിച്ചു. വെളളിയാഴ്ച്ച അവർ 5786 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ സെൻസെക്‌സ് 56,993 ലേക്ക് ഇടിഞ്ഞെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 57,107 പോയിന്റിലാണ്. ഈ വാരം സെൻസെക്‌സിന് 56,163-55,219  സപ്പോർട്ടുണ്ട്. പുൾ ബാക്കിന് ശമിച്ചാൽ 58,880-60,653 ൽ പ്രതിരോധമുണ്ട്. 
വിദേശ ഫണ്ടുകൾ ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചത് രൂപയുടെ മൂല്യം കുറച്ചു. ഡോളറിന് മുന്നിൽ രൂപ 74.23 ൽ നിന്ന് 74.87 ലേയ്ക്ക് ഇടിഞ്ഞു. വിദേശ ഓപ്പറേറ്റർമാർ കഴിഞ്ഞവാരം 21,126 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിപണിക്ക് താങ്ങ് പകരാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ സംഘടിതമായി 10,935 കോടി രൂപക്ക് മുകളിൽ നിക്ഷേപിച്ചു. 


ഇന്ത്യൻ മാർക്കറ്റ് മാത്രമല്ല, ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും നഷ്ടത്തിലാണ്. യൂറോപ്യൻ മാർക്കറ്റുകളും അമേരിക്കൻ ഓഹരി ഇൻഡക്‌സുകളും തളർന്നു. 
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബാരലിന് 82.59 ഡോളറിൽ നീങ്ങിയ ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ വാരാന്ത്യം ശക്തമായ വിൽപന സമ്മർദ്ദത്തിൽ നിരക്ക് 72 ഡോളറായി. സാങ്കേതിക വശങ്ങൾ നൽകുന്ന സൂചന കണക്കിലെടുത്താൽ എണ്ണ വില വീണ്ടും കുറയാം. 
ഡിസംബറിൽ ഒപ്പെക്ക് അടിയന്തര യോഗം ചേരാം. പ്രതിസന്ധിയിൽനിന്ന് എണ്ണ ഉൽപാദന രാജ്യങ്ങൾക്ക് താങ്ങ് പകരുന്ന പ്രഖ്യാപനങ്ങളിലൂടെ ജനുവരി മുതൽ ഉൽപാദനം നിയന്ത്രിക്കാം. നേരത്തെ ഇറക്കുമതി രാജ്യങ്ങൾ എണ്ണയുടെ കരുതൽ ശേഖരം ഇറക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇത് ഉൽപാദകരെ സ്വാധീനിച്ചില്ല. എന്നാൽ കൊറോണ ഭീതിയിൽ യൂറോപ്പ് വീണ്ടും ലോക് ഡൗണിന് ഒരുങ്ങുന്നത് പെട്രോളിയം ഉൽപന്നങ്ങൾക്ക് ഡിമാന്റ് കുറക്കും.

Latest News