Sorry, you need to enable JavaScript to visit this website.

ടാപ്പിംഗ് പ്രതിസന്ധിമൂലം റബർ വിലയുടെ മെച്ചം കർഷകർക്ക് ലഭിച്ചില്ല

ആഗോള റബർ ക്ഷാമം കണ്ട് ടയർ വ്യവസായികൾ ഷീറ്റ് വില ഉയർത്തി.  കാലവർഷക്കെടുതിയും വെള്ളപ്പൊക്കവും മൂലം റബർ ഉൽപാദനത്തിലും വിതരണത്തിലും കുറവ് സംഭവിച്ചു. തായ്‌ലൻഡിലും മലേഷ്യയിലും ലാ നിന കാലാവസ്ഥാ പ്രതിഭാസംമൂലം മഴക്കാലം പതിവിലും നീണ്ടത് ടാപ്പിങിന് തിരിച്ചടിയായി. ഇത് ഏഷ്യൻ മാർക്കറ്റുകളിൽ റബർ വില ഉയരാൻ അവസരം ഒരുക്കി.  സംസ്ഥാനത്ത് മഴ മാറി ആകാശം തെളിയുന്ന അവസരത്തിനായി കാത്ത് നിൽക്കുകയാണ് തോട്ടം മേഖല. 
ടാപ്പിങ് സീസനാണെങ്കിലും മഴ മൂലം വെട്ട് നിലച്ചിട്ട് ആഴ്ച്ചകളായി. കേരളത്തിൽ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേക്ക് റബർ വില കയറി. എന്നാൽ കാർഷിക മേഖലയിൽ സ്‌റ്റോക്ക് കുറഞ്ഞതിനാൽ വിലക്കയറ്റത്തിന്റെ മാധുര്യം കർഷകർക്ക് നുകരാനാവുന്നില്ല. നാലാം ഗ്രേഡ് റബറിന് 800 രൂപ ഉയർന്ന് 19,300 ലെത്തി. അഞ്ചാം ഗ്രേഡ് 18,500-19,100 രൂപയിലും ഒട്ടുപാൽ 13,200 ലും ലാറ്റക്‌സ് 13,000 ലും വ്യാപാരം നടന്നു. ജാപ്പാനീസ് യെന്നും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ ചാഞ്ചാട്ടം ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ ക്രൂഡ് ഓയിലിനെ തളർത്തി. ഇതിന്റെ പ്രതിഫലനം ഏഷ്യൻ റബർ മാർക്കറ്റുകളെ വാരാന്ത്യം ബാധിച്ചു.  
വൻ കുതിപ്പുകൾക്ക് ശേഷം ഇന്ത്യൻ കുരുമുളക് വില അൽപ്പം താഴ്ന്നു. 
വാരത്തിന്റെ രണ്ടാം പകുതിയിൽ കുരുമുളക് സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. മാസാരംഭത്തിലെ 46,000 രൂപയിൽനിന്ന് 52,600 വരെ മുന്നേറി. ക്വിന്റലിന് 6600 രൂപയാണ് ഈ അവസരത്തിൽ വില ഉയർന്നത്.
തെക്കൻ ജില്ലകളിൽ മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനം വിളവെടുപ്പിന് കാലതാമസം സൃഷ്ടിച്ചു. കാലാവസ്ഥയിലെ മൂഡൽ കണക്കിലെടുത്ത് വിളവെടുപ്പിൽനിന്നും പലരും വിട്ടുനിന്നു. സാധാരണ നവംബർ ആദ്യവാരത്തിൽ സത്ത് നിർമ്മാണത്തിന് ആവശ്യമായ മൂപ്പ് കുറഞ്ഞ മുളകിനായി ഓലിയോറസിൻ കമ്പനികൾ രംഗത്ത് ഇറങ്ങാറുണ്ട്. ഉൽപാദന കുറവ് കണക്കിലെടുത്താൽ തെക്കൻ മുളകിൽ വില വർധന പ്രതീക്ഷിക്കാം.  
കൊച്ചിയിൽ 54,300 ൽ വിൽപ്പനക്ക് തുടക്കം കുറിച്ച ഗാർബിൾഡ് കുരുമുളക് 55,200 വരെ കയറിയശേഷം വാരാന്ത്യം 54,600 ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7500 ഡോളറാണ്. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4200 ഡോളറിനും വിയെറ്റ്‌നാമും ഇന്തോനേഷ്യയും 4300 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്ക 5700 ഡോളർ രേഖപ്പെടുത്തി.
ഉത്സവകാല ഡിമാന്റ് ജാതിക്ക വില  ഉയർത്തി. ചരക്ക് വരവ് ചുരുങ്ങിയത് വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നു. ചെറുകിട വിപണികളിൽ ജാതിക്ക തൊണ്ടൻ 325 വരെയും പരിപ്പ് 630 വരെയും കയറി. ക്രിസ്മസ് ഡിമാന്റ് മുൻ നിർത്തി കറിമസാല വ്യവസായികൾ രംഗത്തുണ്ട്. കയറ്റുമതിക്കാരും ജാതിക്കയിൽ താൽപര്യം കാണിച്ചു.      ഏലക്ക വിളവെടുപ്പ് പുരോഗമിച്ചു, ലേലത്തിൽ ചരക്ക് വരവ് ഉയരുന്നു. ഒരു വിഭാഗം കർഷകർ പുതിയ ഏലക്ക കരുതൽ ശേഖരത്തിലേക്ക് നീക്കുന്നു. ഓഫ് സീസണിലെ ഉയർന്ന വിലയെയാണ് അവർ ഉറ്റ്‌നോക്കുന്നത്. ആഭ്യന്തര വിദേശ മാർക്കറ്റുകളിൽ ഏലത്തിന് ആവശ്യക്കാരുണ്ട്. വാരാന്ത്യം മികച്ച ഇനങ്ങൾ കിലോ 1555 രൂപയിലും ശരാശരി ഇനങ്ങൾ 1130 രൂപയിലുമാണ്. 
ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായികൾ  ചരക്ക് സംഭരണ രംഗത്ത് സജീവമല്ല. വെളിച്ചെണ്ണക്ക് പ്രാദേശിക ആവശ്യം കുറഞ്ഞത് മില്ലുകാരെ പ്രതിസന്ധിലാക്കി. കൊച്ചിയിൽ തുടർച്ചയായ നാലാം വാരം വെളിച്ചെണ്ണ 16,400 രൂപ കൊപ്ര 10,050 രൂപയിലുമാണ്. 
സ്വർണ വില പവന് 36,600 രൂപയിൽനിന്ന് 35,760 ലേക്ക് താഴ്‌ന്നെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് 36,120 ലേക്ക് കയറിയ  ശേഷം ശനിയാഴ്ച്ച 36,040 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1745 ഡോളറിൽ നിന്ന് 1818 വരെ ഉയർന്നെങ്കിലും ക്ലോസിങ്ങിലെ ലാഭമെടുപ്പിൽ വില 1791 ഡോളറായി.  

Latest News