നിദ്രാവിഹീനതയെന്ന സാംക്രമികതയെപ്പറ്റി ആലോചിക്കുന്ന ചിന്തകർ ചിന്താകുലരാണ്. എന്തോ പിശകുണ്ട്, എവിടെയോ. കഴിഞ്ഞ ദശകങ്ങളിൽ നിദ്രാഗവേഷണം പൊടിപൊടിച്ചു. വിദഗ്ധരുടെ എണ്ണം അടിച്ചു കേറി. ചികിത്സാലയങ്ങൾ നാടു നീളെ തുറന്നു. മരുന്ന് തകൃതിയായി വിറ്റഴിഞ്ഞു. എന്നിട്ടും ഉറക്കമില്ലായ്മ ഒരു സാംക്രമികബാധയായി തുടരുന്നു. പരിഹാരം കാണാൻ നമുക്ക് പഴയ വിദുരരെ വിളിക്കാം.
നീണ്ട ഇടവേളക്കുശേഷം ബാബുവിനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം പ്രസന്നനോ ആരോഗ്യവാനോ ആയിരുന്നില്ല. വീർത്ത മുഖം. പതിഞ്ഞ, പിഴ ചുമത്തിയതുപോലുള്ള, സംസാരം. അടിവെച്ചടിവെച്ച ദുരൂഹതയിൽനിന്നു ദുരൂഹതയിലേക്കു നീങ്ങുന്ന വിലാപയാത്ര.
ഞാൻ ചോദിച്ചു: സുഖമായിരിക്കുന്നോ ബാബു? കണ്ണു പാതി വിടർത്തി ഒരു ഉത്തരത്തിനുള്ള ശ്രമം. സുഖം തന്നെ. പിന്നെ, ഉറക്കം വരുന്നില്ല. നൂറു വരെ എണ്ണിനോക്കി, ബലതന്ത്രം പഠിപ്പിച്ചിരുന്ന ബാബു. പ്രാർഥന മനസ്സിൽ ഉരുവിട്ടു, ദൈവവിശ്വാസം അലട്ടിയിരുന്നില്ലെങ്കിലും. ഓരോ മൂന്നു മിനുട്ടിന്റെ ഏകകത്തിലും ഉറക്കം കെടുത്തുന്ന എന്തെങ്കിലുമൊന്ന് സംഭവിക്കുന്നു, അല്ലെങ്കിൽ സംഭവിക്കാതിരിക്കുന്നു.
എല്ലാം അറിയുന്ന ആളുടെ ഔദ്ധത്യത്തോടെ ഞാൻ രോഗവും ചികിത്സയും തീർപ്പാക്കി. ഓരോന്നങ്ങനെ ആലോചിച്ചു കിടക്കുന്നതാണ് പ്രശ്‌നം. അതു നിർത്തുക. നിനവിൻ തിരി താഴ്ത്താതെ നിദ്ര എത്തുവതെങ്ങനെ? കൗരവചക്രവർത്തിയുടെ പരമമായ ദൈന്യം അതായിരുന്നു. ഉറക്കം വരായ്ക. യുദ്ധത്തിനുള്ള ഒരുക്കം തുടങ്ങുന്ന കാര്യം സഞ്ജയൻ സൂചിപ്പിച്ചതേയുള്ളു. വിജയികളെയും പരാജിതരെയും ഒരു പോലെ തുടച്ചുനീക്കുന്ന യുദ്ധം. അതു നടക്കുന്നതോ? അന്ധനായ അധികാരിയുടെ കാർമ്മികത്വത്തിൽ.
ഉറക്കം വരാത്ത രാത്രിയുടെ അനാഥയാമത്തിൽ എല്ലാം അറിയുകയും ഒന്നും ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അനുജൻ വിദുരനെ ചക്രവർത്തി വിളിച്ചു വരുത്തി. ഉറക്കമില്ലായ്മയാണ് പ്രശ്‌നമെന്ന് രോഗിയെ കാണുംമുമ്പേ അദ്ദേഹം വിധി മുഴക്കി. പ്രജാഗരം. ഉണർവിന്റെ പരമമായ അവസ്ഥയെ പ്രജാഗരം എന്നു പറയാം. ലവലേശം കണ്ണിറുക്കാതെ, പുറംകണ്ണും അകക്കണ്ണും, തുറന്നു കഴിയുന്ന അവസ്ഥയാണ് ഉറക്കവും. ജാഗ്രത്തല്ലാത്ത സ്ഥിതിയെ മൂന്നു പടിയായി കെട്ടിനിർത്തിയിരിക്കുന്നു പൂർവസൂരികൾ. അവിടെ ഉറക്കം സ്വപ്നത്തോടെ വരാം, അതില്ലാതെ സുഷുപ്തിയായി അനുഭവപ്പെടാം, പിന്നെ എല്ലാം മറക്കുന്ന, മായ്ക്കുന്ന കടലായി, തുരീയം ആയി തിരയടിക്കാം. ആ അവസ്ഥയിലേ സമാധാനമുള്ളു. ഉണർവിന്റെ പല അടരുകളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പ്രജാഗരത്തിന്റെ കാര്യവും കാരണവും വിവരിക്കുന്നതാണ് പ്രശസ്തമായ വിദുരവാക്യം.
പല ഘട്ടങ്ങളിലായി മനസ്സിന്റെ പിരിമുറുക്കത്തെ ദാസീപുത്രൻ അന്ധനും അധികാരഗ്രസ്തനുമായ ചക്രവർത്തിക്കുവേണ്ടി അപഗ്രഥിക്കുന്നു. വിദുരനെ കൂട്ടു പിടിച്ചുകൊണ്ട് ചിലർ പറയാറുണ്ട്, അധികാരം കയ്യാളുന്നവനും അന്യന്റെ മുതൽ മോഷ്ടിക്കുന്നവനും കാമുകനും കവിക്കും ഉറക്കം വരാറില്ല. സമാധാനം ഉണ്ടാകണമെങ്കിൽ പണം വേണം, ആരോഗ്യം വേണം. കാണാൻ കൊള്ളുന്നവളും നല്ല വാക്ക് ഉച്ചരിക്കുന്നവളുമായ ഭാര്യ വേണം, താൻ പറഞ്ഞിടത്തു നിൽക്കുന്ന പുത്രൻ വേണം- അങ്ങനെ നീളുന്നു വിദുരമന്ത്രം.
ഏറെക്കുറെ അവനവനിൽ ഉറച്ചുനിൽക്കുകയും ഉറക്കം കെടുത്തുന്ന കാര്യങ്ങളിൽ വഴുതിവീഴാതിരിക്കുകയും ചെയ്യുന്ന ആളാണ് ബാബു. ലോകം വിലമതിക്കുന്ന കാര്യങ്ങളിൽ പലതിലും സമ്പന്നൻ എന്നു തന്നെ പറയാം. അധികാരം നഷ്ടപ്പെടുമെന്നു ഭയപ്പെടുന്ന ചക്രവർത്തിയുടെയോ പ്രണയം പൊട്ടുമോ എന്ന് ആശങ്കിക്കുന്ന കാമുകന്റെയോ ആരാന്റെ സ്വത്ത് തട്ടിയ കള്ളന്റെയോ സ്ഥിതിയല്ല ബാബുവിന്റേത്. ഉറക്കം കെട്ടു പോകുമ്പോൾ പോലും ഒരു തരം പേലവമായ സമചിത്തത നിലനിർത്താൻ കഴിയുന്ന ആൾ. പിന്നെ എങ്ങനെ ബാബുവിന്റെ രാത്രികൾ നിദ്രാവിഹീനങ്ങളാകുന്നു?
ബാബുവിനെ ചിരിപ്പിക്കാനും ചൊടിപ്പിക്കാനും പറ്റുമോ എന്നു നോക്കി, ഞാൻ വിദുരൻ ധൃതരാഷ്ട്രന്റെ മുമ്പിൽ നിരത്തിയ കാര്യങ്ങളും കാരണങ്ങളും ഉരുക്കഴിച്ചു. കൂട്ടത്തിൽ മന്നന്റേയും മോഷ്ടാവിന്റേയും കവിയുടെയും കാമുകന്റേയും കഥയും പറഞ്ഞു. ഉള്ളു തുറന്നു ചിരിച്ചുകൊണ്ട് ബാബു കൂട്ടിച്ചേർത്തു, ആ നാൽവരിൽ എനിക്കു സ്ഥാനമില്ലല്ലോ. ഏതായാലും വിദുരമന്ത്രം തലയിണക്കടിയിൽ വെച്ചാൽ ഉറക്കം കിട്ടുമോ എന്നു നോക്കാൻ പതിനഞ്ചു രൂപ വിലയുള്ള ആ പഴയ പതിപ്പ് ഞാൻ ബാബുവിനു കൊടുത്തു.
അതൊരു നഷ്ടക്കച്ചവടമായിരുന്നു. ഭീഷ്മർക്ക് മരണമെന്ന പോലെ, ഒരു കാലത്ത് എനിക്ക് വശഗമായിരുന്ന ഉറക്കം കൈവിട്ടു പോയി. വിദുരവാക്യത്തോടൊപ്പം അതിന്റെ ഇതിവൃത്തവും ബാബുവിന്റെ പക്ഷത്തേക്ക് കൂറുമാറി. വാസ്തവത്തിൽ എന്നെ തള്ളിക്കടന്നുപോയ ഉറക്കം ബാബുവിനെ തഴുകിയിറങ്ങിയില്ല. ഉറക്കത്തിന്റെ ഭംഗികളും ഉറക്കം കെടുത്തുന്ന പദ്ധതികളും ഓർത്തോർത്ത് നേരം കളയാനായി എന്റെ പിന്നത്തെ ശ്രമം.
ഉറക്കവും മരണവും തമ്മിലും ഹിപ്‌നോസും താനറ്റോസും തമ്മിലുള്ള പൗരാണികബന്ധം നോക്കുക. മരണദേവത എന്ന അർഥത്തിൽ താനറ്റോസിനെ ബന്ധപ്പെടുത്തുന്നതാണ് നമ്മുടെ യമധർമന്റെ കഥ. പറഞ്ഞാൽ പറഞ്ഞ നേരത്ത് പോത്തിന്റെ പുറത്തേറി ചക്രവാളത്തിനപ്പുറത്തേക്കു നീണ്ടുപോകുന്ന കർമ്മപാശവുമായെത്തുന്ന യമന്റെ ചിത്രം ഉദ്വേഗം വളർത്തുന്നു. ആ ചിത്രണം താനറ്റോസിനില്ല. ജീവിതത്തിന്റേയും മരണത്തിന്റേയും അർഥഗഹനതകളെപ്പറ്റിയുള്ള ചോദ്യോത്തരത്തിനു വഴങ്ങിക്കൊടുക്കുന്ന ആളാണ് യമൻ. മരണത്തെപ്പോലും വെല്ലുന്ന എന്തോ ഉണ്ടെന്നു ദ്യോതിപ്പിക്കുന്ന കഥാപാത്രമാണ് യമൻ, വെറും നിദ്രാദേവതയല്ല. നമുക്ക് അങ്ങനെ ഒരു നിദ്രാദേവതയില്ല, യവനരെപ്പോലെ, എന്നതാണ് വാസ്തവം.
കാമദേവനെ ലൈംഗികചാരവൃത്തിക്ക് അയക്കുന്നതുപോലെ, ധർമ്മാധർമ്മകൽപനകളെ വികലമാക്കാൻ ഉറക്കം വിനിയോഗിക്കപ്പെടുന്ന കഥയാണ് കുംഭകർണന്റെ കഥ. ആവശ്യപ്പെടാത്ത വരം ഏറ്റുവാങ്ങിയ കുംഭകർണൻ പകുതി ഉറക്കവും പകുതി ഉണർവുമായി കഴിയാൻ വിധിക്കപ്പെട്ടു. ഒരുതരത്തിൽ പറഞ്ഞാൽ, എല്ലാവരും എന്നും ചെയ്തുപോന്നിട്ടുള്ളത് അതു തന്നെയല്ലേ? സൂര്യോദയത്തിനും അസ്തമനത്തിനുമിടയിൽ എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് നിബന്ധന. ദേവതകളുടെ ആധിപത്യത്തിനു കീഴ്‌പ്പെടാതെ നിദ്രയുടെ നീതിക്കു വഴങ്ങിക്കൊടുക്കുന്നു കനിഷ്ഠരാക്ഷസൻ എന്നേ മനസ്സിലാക്കേണ്ടതുള്ളു.
ഉറക്കം നമ്മുടെ ആദർശമായിട്ടില്ല, പണ്ടും ഇന്നും. ഉറക്കം തൂങ്ങുന്നതും ഉറക്കം വരാത്തതും ഉറക്കം നടിക്കുന്നതും മറ്റും അനഭിലഷണീയതകളാകുന്നു. നിദ്രാവിഹീനത ശാപമാകുന്നു. ഉണർവത്രേ ആദർശം. ഒരു നിദ്രാവിദഗ്ധൻ പറയുന്നു, 'ഉണർവ് ജീവിതത്തിലെ മുഖ്യധാരയാകുമ്പോൾ, എല്ലാവരും ഉറങ്ങാൻ വിഷമിക്കുന്നു. നമുക്ക് ഉറക്കത്തിന്റെ രസം വീണ്ടെടുക്കാം.' ധൃതരാഷ്ട്രർ മുതൽ ബാബുവും ഞാനും വരെയുള്ള മനുഷ്യരെ ആവേശിക്കുന്ന ഉറക്കമില്ലായ്മയാണെന്നു തോന്നുന്നു പുതിയ കാലത്തെ പരിദേവനം, പ്രധാനമായും. ..
ചില ഉറക്കക്കണക്കുകൾ പറയാം. മൂന്നിലൊന്ന് ആളുകൾക്ക് ഉറക്കവുമായി ബന്ധപ്പെട്ട പരാതികൾ എന്തെങ്കിലും കാണും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഉറക്കമില്ലായ്മയെപ്പറ്റിയുള്ള പരാതികളിൽ മുമ്പൊന്നും ഉണ്ടാകാത്ത വർധനവ് ഉണ്ടായി. ക്രമം തെറ്റിയ ഉറക്കത്തെപ്പറ്റിയുള്ള പരാതി ഏറി. അതുപോലെ ഉറക്കം വരുത്താനുള്ള മരുന്നിന്റെ ഉൽപാദനവും ഉപഭോഗവും. ഉറക്കം വരുത്താനെന്ന പോലെ ഉറങ്ങാതിരിക്കാനും ഗുളികൾ കിട്ടും. ഉറങ്ങാതിരിക്കാൻ എനിക്കു നിർദ്ദേശിക്കപ്പെട്ട ഗുളിക ഞാൻ ഇതുവരെ വിഴുങ്ങിനോക്കിയിട്ടില്ല.
നിദ്രാവിഹീനതയെന്ന സാംക്രമികതയെപ്പറ്റി ആലോചിക്കുന്ന ചിന്തകർ ചിന്താകുലരാണ്. എന്തോ പിശകുണ്ട്, എവിടെയോ. കഴിഞ്ഞ ദശകങ്ങളിൽ നിദ്രാഗവേഷണം പൊടിപൊടിച്ചു. വിദഗ്ധരുടെ എണ്ണം അടിച്ചുകേറി. ചികിത്സാലയങ്ങൾ നാടു നീളെ തുറന്നു. മരുന്ന് തകൃതിയായി വിറ്റഴിഞ്ഞു. എന്നിട്ടും ഉറക്കമില്ലായ്മ ഒരു സാംക്രമികബാധയായി തുടരുന്നു. പരിഹാരം കാണാൻ നമുക്ക് പഴയ വിദുരരെ വിളിക്കാം.