തെഹ്‌റാന്‍- ഭര്‍ത്താവിനെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട 43 കാരി ഇറാനില്‍ പിടിയിലായി. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ സ്ത്രീ വീണ്ടും വിവാഹിതയായത് മുന്‍നിര്‍ത്തി നടത്തിയ അന്വേഷണമാണ് കേസിനു തുമ്പുണ്ടാക്കിയത്.
കൊല്ലപ്പെട്ടയാളുടെ സഹോദരി തന്റെ സഹോദരനെ കാണാനില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷിറാസ് പോലീസിനെ അറിയിച്ചിരുന്നു. 45 കാരനായ സഹോദരന്‍ അടുത്തിടെയാണ് രണ്ടാം വിവാഹം ചെയ്തതെന്നും 43 കാരിയായ ഭാര്യയോട് ചോദിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടു പോയ ഭര്‍ത്താവ് തിരികെ വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സഹോദരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
യുവാവിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ രണ്ടാം ഭാര്യ കൈമലര്‍ത്തുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളുടെ മകന് തന്റെ പിതാവിന്റെ രണ്ടാം ഭാര്യയെക്കുറിച്ച് സംശയം ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് മകന് അറിയാമായിരുന്നു.
പക്ഷേ, യുവതിയെ കുറ്റക്കാരിയാക്കാനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. അതിനിടെയാണ് സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്തത്. ഭര്‍ത്താവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരിക്കെ സ്ത്രീ വീണ്ടും വിവാഹിതയായത് പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് സ്ത്രീയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബപരവും സാമ്പത്തികവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി എംബാം ചെയ്ത ശേഷം വീട്ടില്‍ കട്ടിലിനടയില്‍ കുഴിച്ചിട്ടതെന്ന് സ്ത്രീ സമ്മതിച്ചു.
ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും അസുഖബാധിതനായപ്പോള്‍ അമിതമായി ഗുളിക നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും സ്ത്രീ പറഞ്ഞു. ഉപ്പും തുണിയും ഉപയോഗിച്ച് എംബാം ചെയ്ത മൃതദേഹം കട്ടിലിനടിയില്‍ കുഴിച്ചിടുകയായിരുന്നു. പോലീസ് കേസ് മറന്നുവെന്ന നിഗമനത്തിലാണ് മറ്റൊരാളെ വിവാഹം കഴിച്ചുതെന്നും അവര്‍ പറഞ്ഞു.