മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ച് കൊള്ളയടിച്ച കേസില്‍ ഒമ്പത് പേര്‍ പിടിയില്‍

മംഗളൂരു- മംഗളൂരുവിലെ ഇന്ദിരാ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പണം അപഹരിച്ച കേസില്‍ എട്ട് മലയാളി വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരെ പോലീസ് പിടികൂടി. പ്രവീഷ് (21), നന്ദു ശ്രീകുമാര്‍ (19), അലന്‍ ഷൈജു (19), ഗോപി കൃഷ്ണ (21), പിആര്‍ വിഷ്ണു (22), അഭി അലക്‌സ് (19), ജസില്‍ മുഹമ്മദ് (19), പി എന്‍ ഹസന്‍ (21), കെ പി ഷിഹാഷ് എന്നിവരെയാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായവരില്‍ ഏഴുപേരും മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് മംഗളൂരു പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കോളേജിലെ  ആരോഗ്യ വിഭാഗത്തില്‍ പഠിക്കുന്ന കണ്ണൂര്‍ സ്വദേശി അമല്‍ ഗിരീഷും സുഹൃത്ത് കാര്‍ത്തിക്കും ആക്രമിക്കപ്പെട്ടത്.

ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ വഴിയില്‍ വെച്ച് കണ്ട് സീനിയര്‍ വിദ്യാര്‍ഥികളോട് കുശലം പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം ഇരുവരേയും  അത്താവറിലെ ലെ റോയല്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.  ഭീഷണിപ്പെടുത്തി പാട്ടുപാടാനും താടി വടിക്കാനും ആവശ്യപ്പെട്ടു. ഇവരുടെ ബാങ്ക് അക്കൗണ്ടിലെ പണം സംഘാംഗങ്ങളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഷിഹാസിനെ മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബാക്കിയുള്ളവരെ അവരുടെ വസതിയില്‍ വെച്ചുമാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Latest News