Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ബഹളം; ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. കര്‍ഷക പ്രശ്‌നം ഉന്നയിച്ചാണ് പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചത്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 12 മണിവരെയാണ് സഭ നിര്‍ത്തിവെച്ചത്.
നാല്‍്പതോളം അടിയന്തര പ്രമേയ നോട്ടിസുകളാണ് ഇന്ന് സഭയില്‍ എത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കുന്ന പതിവ് ഇല്ല. 90 ശതമാനവും തള്ളിക്കളയുന്ന രീതിയാണുള്ളത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ നോട്ടിസിനുള്‍പ്പെടെ അതരണാനുമതി നിഷേധിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എംപിമാര്‍ മുദ്രാവാക്യം വിളിച്ചും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ചോദ്യോത്തരവേള ഉപേക്ഷിച്ചുകൊണ്ട് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. 12 മണിക്ക് സഭ വീണ്ടും സമ്മേളിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഈ ഘട്ടത്തില്‍ സഭ പരിഗണിക്കും.
കര്‍ഷകരുടെ ആവശ്യങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അടിക്കടി വര്‍ധിച്ചുവരുന്ന ഇന്ധനവില ചര്‍ച്ച ചെയ്യണമെന്നും ആവശ്യപെട്ട് പ്രതിപക്ഷം ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ആദ്യദിന സമ്മേളനത്തില്‍ ആദ്യ നോട്ടിസ് നല്‍കിയത് ത്രിപുരയില്‍ നിന്നുള്ള എംപിമാരാണ്.
 

Latest News