ഇടുക്കി- പട്ടാള ക്യാമ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് അടിമാലിയില്‍ പച്ചക്കറിക്കട ഉടമയെ കബളിപ്പിച്ച് പണം തട്ടിപ്പ് നടത്തിയതായി പരാതി.അടിമാലി ഇരുന്നൂറേക്കറില്‍ പ്രവര്‍ത്തിക്കുന്ന കെ .വി. കെ പച്ചക്കറിവില്‍പ്പന കേന്ദ്രത്തിന്റെ ഉടമയില്‍ നിന്നാണ് തട്ടിപ്പ് സംഘം നാല്‍പ്പതിനായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത്.
ശനിയാഴ്ച ഉച്ചയോടെ ഫോണില്‍ തട്ടിപ്പ് സംഘം ആദ്യം കടയുടമയെ ബന്ധപ്പെട്ടു.മൂന്നാറില്‍ ക്യാംപ് ചെയ്യുന്ന പട്ടാളക്കാര്‍ക്കായി പച്ചക്കറികളും മറ്റും വേണമെന്നായിരുന്നു ഫോണില്‍ വിളിച്ചയാളുടെ ആവശ്യം. പച്ചക്കറികള്‍ പായ്ക്ക് ചെയ്ത് വെക്കാന്‍ നിര്‍ദേശം നല്‍കി. വൈകുന്നേരത്തോടെ പട്ടാള വാഹനമെത്തി പച്ചക്കറികള്‍ കൊണ്ടു പോകുമെന്നും അറിയിച്ചു.ഏകദേശം 5000 രൂപക്കടുത്ത പച്ചക്കറികളുടെ ഓര്‍ഡര്‍ കടയുടമക്ക് ലഭിച്ചു. വിശ്വസിപ്പിക്കുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടവര്‍ വാട്സാപ്പ് വീഡിയോ കോളിലൂടെ വീണ്ടും വിളിച്ചു. ഈ സമയം തട്ടിപ്പ് സംഘം ധരിച്ചിരുന്നത് പട്ടാള യൂണിഫോമിന് സമാനമായ വസ്ത്രങ്ങളായിരുന്നുവെന്ന് കട ഉടമ പറഞ്ഞു.ശേഷം പച്ചക്കറിയുടെ പണമടക്കാനായി കട ഉടമയുടെ ബാങ്ക് അക്കൗണ്ട് നമ്പറും അനുബന്ധ വിവരങ്ങളും സംഘം ആവശ്യപ്പെട്ടു.
പട്ടാള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയിരുന്നതിനാല്‍ സംശയം തോന്നാത്ത കടയുടമ വിവരങ്ങള്‍ കൈമാറി.തുടര്‍ന്ന് രണ്ട് തവണയായി നാല്‍പ്പതിനായിരം രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. കടയുടമ അടിമാലി പോലീസില്‍ പരാതി നല്‍കി. പണം നഷ്ടമായ ശേഷവും തനിക്ക് കോള്‍ വന്ന ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കടയുടമ പറഞ്ഞു.കടയുടമയെ വിളിച്ച നമ്പര്‍ അസമില്‍ നിന്നുള്ളതാണെന്നാണ് സൂചന.സമാന രീതിയില്‍ മറ്റൊരു കടയുടമയേയും ഇതേ നമ്പരില്‍ നിന്ന് തട്ടിപ്പ് സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്.