Sorry, you need to enable JavaScript to visit this website.

വായ്പ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകള്‍ കരുതിയിരിക്കുക

മുംബൈ- ഓണ്‍ലൈന്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകളുടെ തട്ടിപ്പ് തുടരുകയാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമയത്താണ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വിശകലനം അനുസരിച്ച്, വായ്പകള്‍ നല്‍കുന്ന ഏകദേശം 1,100 ആപ്പുകള്‍ ഇന്ത്യയിലെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളില്‍ 600 ലധികം നിയമവിരുദ്ധമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.  
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഈ ഡിജിറ്റല്‍ ഫിനാന്‍സിംഗ് ആപ്പുകള്‍ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സെന്‍ട്രല്‍ ബാങ്ക് വര്‍ക്കിംഗ് ഗ്രൂപ്പ് നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.
വിവിധ വെര്‍ച്വല്‍ ആപ്പുകളുടെ അന്യായമായ കളക്ഷന്‍ ടെക്‌നിക്കുകളും പീഡനങ്ങളും  ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്  അന്വേഷിക്കുന്നതിനാണ് കമ്മിറ്റി രൂപവല്‍കരിച്ചത്.
ആര്‍.ബി.ഐയുടെ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കാത്ത വായ്പക്കാരെ ഉടന്‍ തന്നെ കുറ്റവാളികളായി കണക്കാക്കണമെന്നാണ് നിര്‍ദേശം.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയ എല്ലാ നിയമങ്ങളും പാലിക്കുന്ന യഥാര്‍ത്ഥ ഓണ്‍ലൈന്‍ ലോണ്‍ വെബ് സൈറ്റിന് സമാന്തരമായി തട്ടിപ്പുകാര്‍ക്ക് വ്യാജ വെബ് പേജ് ഉണ്ടായിരിക്കും. രണ്ടും ഒരുപോലെ തന്നെ തോന്നിപ്പിക്കും. സൈറ്റും ആപ്പും ഒറിജിനിലാണെന്ന് ഉറപ്പുവരുത്തണം.

ധാരാളം പ്രീപേയ്‌മെന്റ് ഫീസുകളും പ്രോസസ്സിംഗ് ഫീസുകളും പ്രീക്ലോഷര്‍ ഫീസുകളുമുള്ള ആപ്പുകള്‍ ഒഴിവാക്കണം.
     ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പിന്‍ അല്ലെങ്കില്‍ വിലാസങ്ങള്‍ പോലുള്ള രഹസ്യ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന, ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിനെ വിശ്വസിക്കുന്നതിനു മുമ്പ് ആപ്പ് സ്‌റ്റോറിലെ ആപ്പിന്റെ റേറ്റിംഗുകള്‍ വായിക്കണം.
ആപ്പ് ഒരു ബാങ്കുമായോ ആര്‍.ബി.ഐയില്‍ രജിസ്റ്റര്‍ ചെയ്ത നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയുമായോ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.
തീരുമാനത്തിലെത്തുന്നതിന് മുമ്പ് നിബന്ധനകള്‍ വായിച്ച് അവലോകനം ചെയ്യണം.

 

Latest News